ദീർഘദൂര യാത്രക്കാർക്ക് വില്ലനായി രാജ്യറാണി എക്സ്പ്രസ്; സ്ലീപ്പർ കോച്ചുകൾ കുറച്ചു, ജനറൽ കോച്ചുകൾ കൂട്ടി
നിലവിൽ എട്ട് സ്ലീപ്പർ കോച്ചുകളുണ്ടായിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഇതോടെ യാത്രക്കാർ തിരുവനന്തപുരത്തെത്താൻ ഗുരുവായൂരും ഷൊർണൂരും പോയി ട്രെയിൻ കയറേണ്ട അവസ്ഥയിലായിരുന്നു.
മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ കുറച്ചു. പകരം രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയിട്ടുമുണ്ട്. ഈ 19 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക. മലപ്പുറം ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക എക്സ്പ്രസ് ട്രെയിനാണ് രാജ്യറാണി. 14 കോച്ചുകൾ മാത്രമുള്ള ഇതിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിപക്ഷം ആളുകളും ദീർഘദൂര യാത്രക്കാരാണ്. തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സക്കായി പോകുന്നവരാണ് പലരും. രാത്രികാല ട്രെയിനായതിനാൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചത് ഇവർക്ക് ദുരിതമാകും.
നിലവിൽ എട്ട് സ്ലീപ്പർ കോച്ചുകളുണ്ടായിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഇതോടെ യാത്രക്കാർ തിരുവനന്തപുരത്തെത്താൻ ഗുരുവായൂരും ഷൊർണൂരും പോയി ട്രെയിൻ കയറേണ്ട അവസ്ഥയിലായിരുന്നു. കോച്ചുകൾ വെട്ടിക്കുറച്ചതോടെ 150ഓളം പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാകുക. എന്നാൽ രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയത് ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമാകും. രാജ്യറാണി കടന്നുപോകുന്ന ഷൊർണൂർ-നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിലുൾപ്പെടെ നിലവിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സാഹചര്യമുണ്ട്.
Read More... 'ടിക്കറ്റ് കിട്ടിയില്ലെന്ന് പരാതി പറയരുത്'; 20 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് ഓടിത്തുടങ്ങി
മാത്രമല്ല, 18 കോച്ചുകളെങ്കിലുമുള്ളവയാണ് മറ്റ് പാതകളിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം എക്സ്പ്രസ് ട്രെയിനുകളും. പുതിയ മാറ്റത്തോടെ നിലവിൽ രാജ്യറാണി ട്രെയിനിൽ ഒന്നു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 6 സ്ലീപ്പർ ക്ലാസ് കോച്ചുകളും 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 റിസർവേഷൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടാവുക.