ക്വാറി, ക്രഷര്‍ മേഖലയിൽ സർക്കാർ ഇടപെടൽ ഉണ്ടാകണം: അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകള്‍
പ്രതിവര്‍ഷം 1500 കോടിയിലേറെ രൂപ സര്‍ക്കാരിന് വരുമാനം നല്‍കുന്ന ക്വാറി വ്യവസായികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഉടമകൾ പറഞ്ഞു
കൊച്ചി: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ ക്വാറി, ക്രഷര്‍ മേഖല കടന്നു പോകുന്നതെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 31 ന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ് എസ് ക്യു എ ജനറൽ സെക്രട്ടറി സമര മുന്നറിയിപ്പ് നൽകിയത്. ലക്ഷങ്ങളും കോടികളും മുടക്കിയ നിരവധി ക്വാറികളും ക്രഷറുകളും സംസ്ഥാനത്ത് അടഞ്ഞു കിടക്കുകയാണ്. പ്രതിവര്‍ഷം 1500 കോടിയിലേറെ രൂപ സര്‍ക്കാരിന് വരുമാനം നല്‍കുന്ന ക്വാറി വ്യവസായികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുന്നൂറോളം ക്വാറികള്‍ മാത്രമാണുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണ്. ക്വാറി ഉടമകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളവും എത്തിയെന്നും എം കെ ബാബു പറഞ്ഞു.
മയക്കുമരുന്ന് കടത്തിന് ഡ്രോൺ, വെടിവച്ചിട്ട് പൊലീസ്, 5 കിലോ ഹെറോയിൻ കണ്ടെടുത്തു; പ്രതികൾ പിടിയിൽ
മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം പേടിച്ച് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഒരു ഫയലും ഒപ്പിടാന്‍ അവര്‍ തയാറാകുന്നില്ല. മണ്ണിന്‍റെ മേജര്‍ പ്രോജക്ടുകള്‍ക്ക് പോലും കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ്. വന്‍കിട പദ്ധതികള്‍കടക്കം സംസ്ഥാനത്തെ ഏഴോളം ജില്ലകളില്‍ തമിഴ്‌നാട്, കര്‍ണാടകം തടുങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കരിങ്കല്‍ ഉത്പന്നങ്ങള്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട റവന്യു വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശാസ്ത്രീയമായ പിന്‍ബലമില്ലാത്ത ആരോപണങ്ങളാണ് ക്വാറികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും ഭാരവാഹികൾ ചൂണ്ടികാട്ടി.
സംസ്ഥാനത്തെ ക്വാറികളെ കുറിച്ച് സത്യസന്ധമായ പഠനം നടത്താന്‍ തയാറാവണം. കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദം ഉയര്‍ത്തുന്ന പലരും വന്‍കിട ക്വാറികളുടെ ബിനാമികളാണ്. അടുത്തിടെ മണ്ണിടിച്ചില്‍ ഉണ്ടായ ഒരു സ്ഥലത്തും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറിച്ചാണെന്ന് തെളിയിച്ചാല്‍ ഈ വ്യവസായം ഉപേക്ഷിക്കാന്‍ തയാറാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ബാങ്ക് ലോണ്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ചെറുകിട ക്വാറി, ക്രഷര്‍ വ്യവസായികള്‍. സംസ്ഥാനത്ത് 40 ലക്ഷത്തോളം ആളുകളാണ് പ്രത്യക്ഷമായി ക്വാറി മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും 31 ന് കൊച്ചിയില്‍ ചേരുന്ന സംസ്ഥാന സമ്മേളനം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു, പ്രസിഡന്റ് ഷെരീഫ് പുത്തന്‍പുര, നേതാക്കളായ പൗലോസ്‌കുട്ടി, മൂവാറ്റുപുഴ മനീഷ് പി മോഹനന്‍, ശങ്കര്‍ ടി ഗണേഷ്, സാബു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുകിട ക്വാറി ആന്‍ഡ് ക്രഷറര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജനുവരി 31 രാവിലെ 10 മണിക്ക് ബോള്‍ഗാട്ടി പാലസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്നും പരിസ്ഥിതി സെമിനാര്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യവസായ സെമിനാര്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.