ഇവിടെ ഇങ്ങനാടാ ഉവ്വേ! കാലിച്ചായ കുടിക്കാൻ വത്തിക്കാനിൽ പോകണോ അതോ മോസ്കോയിൽ പോകണോ; ജസ്റ്റ് ഒരു കീ.മി മാത്രം
തെക്കൻ പാമ്പാടിയിൽ നിന്ന് നേരെ പോയാൽ വത്തിക്കാനിലെത്താം, പക്ഷേ ബസിലിക്കയും പോപ്പുമില്ലാത്ത വത്തിക്കാൻ ആണെന്ന് മാത്രം. വത്തിക്കാനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ പോയാല്‍ മോസ്കോയിലേക്ക് എത്താം. റെഡ് സ്ക്വയറും ലെനിനും ഒന്നുമില്ലാത്ത നല്ല ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന മോസ്കോ കവല
ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വത്തിക്കാൻ ടു മോസ്കോ? ചോദ്യം കേട്ട നാട്ടുകാരൻ ഏകദേശം ഒരു കിലോമീറ്ററെ ഉള്ളുവെന്ന് വളരെ ലാഘവത്തോടെ പറഞ്ഞു. ഇത് കേട്ട് ഞെട്ടിയോ... അങ്ങനെ ഞെട്ടാൻ വരട്ടെ! ഞെട്ടാൻ ഒരുപാട് ബാക്കി കിടക്കുന്നതേ ഉള്ളൂ. വിസയും പാസ്പോർട്ടും ഒന്നുമില്ലാതെ ഏറ്റവും കൂടുതൽ തവണ വത്തിക്കാനിലും മോസ്കോയിലും പോയ എംഎൽഎ ആരായിരിക്കും? ഈ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ... സാക്ഷാല്‍ ഉമ്മൻചാണ്ടി.
പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥലങ്ങളുടെ പേരുകളാണ് വത്തിക്കാനും മോസ്കോയുമെല്ലാം. തെക്കൻ പാമ്പാടിയിൽ നിന്ന് നേരെ പോയാൽ വത്തിക്കാനിലെത്താം, പക്ഷേ ബസിലിക്കയും പോപ്പുമില്ലാത്ത വത്തിക്കാൻ ആണെന്ന് മാത്രം. വത്തിക്കാനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ പോയാല്‍ മോസ്കോയിലേക്ക് എത്താം. റെഡ് സ്ക്വയറും ലെനിനും ഒന്നുമില്ലാത്ത നല്ല ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന മോസ്കോ കവല. നാട്ടുകാര്‍ക്ക് ഈ പേരുകളോട് എന്തെന്നില്ലാത്ത ഇഷ്ടമാണ്.
പാസ്പോര്‍ട്ടും വിസയും ഇല്ലാതെ ദാ ഒന്ന് മോസ്കോയില്‍ പോയിട്ടില്ല വരാം, അല്ലെങ്കില്‍ വത്തിക്കാനില്‍ പോയി ഒരു ചായ കുടിച്ചിട്ട് വരാം എന്നൊക്കെ പറയാൻ വേറെ ആര്‍ക്ക് പറ്റുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുതുപ്പള്ളിയിൽ എങ്ങനെ മോസ്കോയും വത്തിക്കാനും ഉണ്ടായി. ആ കഥ അറിയാൻ കുറച്ച് പിന്നിലേക്ക്, അമ്പതുകളിലേക്ക് പോകണം. തോട്ടയ്ക്കാട് അപ്രേം പള്ളിയിലെ വൈദികൻ ഇന്ന് മോസ്കോ എന്ന് വിളിക്കുന്ന സ്ഥലത്ത് 50കളില്‍ എത്തുമ്പോള്‍ ഒരു തെരഞ്ഞെടുപ്പിന്‍റെ സമയമായിരുന്നു.
ചെങ്കൊടികളും തോരണങ്ങളും നിറഞ്ഞ ആ സ്ഥലം കണ്ടപ്പോൾ ഇതൊരു മോസ്കോ ആണോയെന്ന് വൈദികൻ ചോദിച്ചു. ആ സമയത്ത് കത്തോലിക്കാ വിശ്വാസികള്‍ കൂടുതല്‍ ഉള്ള പ്രദേശം കണ്ടപ്പോള്‍ ഇതൊരു വത്തിക്കാനും ആണല്ലോയെന്ന് അപ്രേം പള്ളിയിലെ വൈദികൻ പറഞ്ഞു. തനി നാടൻ ഗ്രാമങ്ങളുടെ പേരിലെ ഇന്‍റര്‍നാഷണല്‍ ബന്ധം വന്നത് ഇങ്ങനെയാണ്.
മോസ്കോയിൽ ഒരു ചെങ്കൊടി നാട്ടിയാല്‍ വത്തിക്കാനില്‍ ഒരു കോണ്‍ഗ്രസിന്‍റെ കൊടി ഉയര്‍ന്നിരുന്നതിന്‍റെ രാഷ്ട്രീയ ചൂടിന്‍റെ പഴയ കഥകളും നാട്ടുകാര്‍ക്ക് പറയാനുണ്ട്. ഇത് മാത്രമല്ല അമേരിക്കൻ മുക്ക്, കഞ്ചാവ് പടി എന്നിങ്ങനെ മണ്ഡലത്തിന് പുറത്ത് നിന്ന് എത്തുന്ന ഒരാളെ ഞെട്ടിക്കുന്ന പല സ്ഥലപേരുകളും പുതുപ്പള്ളിയിലുണ്ട്. പണ്ട് കഞ്ചാവിന്‍റെ കേന്ദ്രമായിരുന്ന സ്ഥലത്തേ പിന്നെ എങ്ങനെ വിളിക്കണമായിരുന്നു എന്ന് ചോദിച്ച് നാട്ടുകാരൻ ചിരിച്ചു... സംഭവം എന്താ വെറൈറ്റിയല്ലേ...