തിരുവില്വാമലയിലെ പുനർജനി നൂഴാൻ എത്തിയത് ആയിരക്കണക്കിന് ഭക്തർ
മറ്റു ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്ന് വിശ്വാസമാണ് ഗുരുവായൂർ ഏകാദശി ദിവസം മാത്രം ഭക്തജനങ്ങൾ നാമോചരണത്തോടെ ഗുഹ നൂഴുന്നതിന്റെ കാരണം
തൃശൂർ: തിരുവില്വാമലയിലെ പുനർജനി നൂഴാൻ എത്തിയത് ആയിരക്കണക്കിന് ഭക്തർ. ഗുരുവായൂർ ഏകാദശി നാളിൽ വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസം നടക്കുന്ന പുനർജനി നൂഴൽ ചടങ്ങ് ചരിത്ര പ്രസിദ്ധമാണ്. പുലർച്ചെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ ഗുഹാമുഖത്ത് എത്തി പൂജ നടത്തിയതിനുശേഷമാണ് ഗുഹ നൂഴൽ നടക്കുന്നത്.
ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കുമാറിയാണ് അത്ഭുതമായ പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ശ്രീ പരശുരാമൻ 21 വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാൻ കഴിയില്ല എന്നതിനാൽ ദേവഗുരു ബൃഹസ്‍പതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിച്ചതാണ് പുനർജനി ഗുഹ എന്നതാണ് ഐതിഹ്യം. പ്രേതാത്മാക്കൾ ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുന്നു, അങ്ങനെ നിരന്തരമായ നൂഴലിലൂടെ ജന്മജന്മർജിത പാപമൊടുക്കി മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരുടെ സാന്നിദ്ധ്യം വരുത്തിയാണ് വിശ്വകർമ്മാവ് ഗുഹാമുഖം പണി ആരംഭിച്ചതെന്നും. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാന്നിധ്യം വഹിക്കാൻ എത്തി എന്നുമാണ് ഐതിഹ്യം വിശദീകരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്ന് വിശ്വാസമാണ് ഗുരുവായൂർ ഏകാദശി ദിവസം മാത്രം ഭക്തജനങ്ങൾ നാമോചരണത്തോടെ ഗുഹ നൂഴുന്നതിന്റെ കാരണം.
പുനർജനി ഗുഹ നൂഴാൻ എത്തുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ക്ഷേത്രത്തിൽ രാവിലെ മേളത്തോട് കൂടിയ ശീവേലിയും ഗുഹാമുഖത്തെത്തുന്ന ഭക്ത ജനങ്ങൾക്കും മറ്റും ദേവസ്വം ബോർഡും , സേവാഭാരതിയും ലഘുഭക്ഷണം കുടിവെള്ളവും ഒരുക്കിയിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വിശ്വാസികളുടെ സേവനത്തിനായി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം