കൊടകരയിലെ പഴയ മാര്‍ക്കറ്റില്‍ പൊതു ശുചിമുറി അടച്ചു; ദുരിതത്തിലായി കച്ചവടക്കാരും തൊഴിലാളികളും
ശുചിമുറിയിലേക്കുള്ള ജലവിതരണം ജലവിതരണ വകുപ്പ് നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ശുചിമുറിയുടെ പ്രവര്‍ത്തനം താറുമാറായത്
തൃശൂര്‍: കൊടകരയിലെ പഴയ മാര്‍ക്കറ്റില്‍ പൊതു ശുചിമുറി അടച്ചിട്ടതിനാല്‍ ദുരിതത്തിലായി കൊടകരയിലെ കച്ചവടക്കാരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും. വര്‍ഷങ്ങളായി കൊടകരയിലെ പഴയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശുചിമുറിയാണ് അടച്ചിട്ടിരിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും യാത്രക്കാരും ആശ്രയിക്കുന്ന പൊതു ശുചിമുറിയാണ് ഇത്.
ശുചിമുറിയിലേക്കുള്ള ജലവിതരണം ജലവിതരണ വകുപ്പ് നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ശുചിമുറിയുടെ പ്രവര്‍ത്തനം താറുമാറായത്. ഏഴു ലക്ഷത്തോളം രൂപ ജലവിതരണ വകുപ്പിന് കുടിശിക ഉണ്ടെന്ന് പറഞ്ഞാണ് ശുചിമുറിയിലേക്കുള്ള ജല വിതരണം അധികൃതര്‍ നിര്‍ത്തിവച്ചതെന്ന് സമീപത്തെ വ്യപാര സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു.
മീറ്റര്‍ പോലും ഇല്ലാത്ത ശൗചാലയത്തിന് എങ്ങനെയാണ് ഇത്രയും ഭീമമായ തുക കുടിശിക വന്നതെന്ന ആശങ്കയിലാണ് ഇവര്‍. പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികളിലാണ് സമീപത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍. ശുചിമുറിയിലേക്കുള്ള ജല വിതരണം പുന:സ്ഥിച്ച് എത്രയും പെട്ടന്ന് ഇത് തുറന്ന് കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ കൊടകര ജംഗ്ഷന്‍റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇ- ടോയ്‌ലറ്റുകളും ഗന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വഴിയിടം വഴിയോര വിശ്രമ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചി മുറിയും പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്ന് കൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.