മാലിന്യം മാറ്റിയിരുന്നെങ്കില്‍ ഒരു ജീവൻ പൊലിയില്ലായിരുന്നു; വയനാട് ചുള്ളിയോട് പഞ്ചായത്തിനെതിരെ പ്രതിഷേധം
ചന്തയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ചെയ്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഈ പരിസരങ്ങളില്‍ തന്നെ ജീവിച്ചുവരികയായിരുന്നു മരിച്ച ഭാസ്കരൻ. മാലിന്യകേന്ദ്രമായി മാറിയ കെട്ടിടത്തിലായിരുന്നു ഇയാള്‍ അന്തിയുറങ്ങിയത്. അങ്ങനെയാണ് ഇന്നലെ നടന്ന അപകടത്തില്‍ ഭാസ്കരൻ പെടുന്നത്.
കല്‍പറ്റ: വയനാട് ചുള്ളിയോടില്‍ മാലിന്യ കേന്ദ്രത്തിലെ തീപ്പിടുത്തത്തില്‍ ഒരാള്‍ വെന്തുമരിച്ചതിന് പിന്നാലെ നെന്മേനി പഞ്ചായത്തിനെതിരെ പ്രതിഷേധം. മാലിന്യം നേരത്തെ മാറ്റിയിരുന്നുവെങ്കില്‍ ഇത്രയും വലിയൊരു അപകടം ഉണ്ടാകില്ലായിരുന്നുവെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്. ചുള്ളിയോട് സ്വദേശിയായ ഭാസ്കരൻ എന്നയാളാണ് തീപ്പിടുത്തത്തില്‍ വെന്തുമരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുള്ളിയോട് പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായത്. ചന്തയ്ക്ക് സമീപമുള്ള സ്ഥലമാണിത്. ഇവിടെ എങ്ങനെയാണ് തീപ്പിടുത്തമുണ്ടായത് എന്നത് വ്യക്തമല്ല. എന്തായാലും ഫയര്‍ ഫോഴ്സെത്തി തീ അണച്ചെങ്കിലും തീയില്‍ പെട്ടുപോയ, ഭാസ്കരൻ വെന്തുമരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം മാത്രമാണ് തീ അണച്ചതിന് ശേഷം കിട്ടിയത്.
ചന്തയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ചെയ്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഈ പരിസരങ്ങളില്‍ തന്നെ ജീവിച്ചുവരികയായിരുന്നു മരിച്ച ഭാസ്കരൻ. മാലിന്യകേന്ദ്രമായി മാറിയ കെട്ടിടത്തിലായിരുന്നു ഇയാള്‍ അന്തിയുറങ്ങിയത്. അങ്ങനെയാണ് ഇന്നലെ നടന്ന അപകടത്തില്‍ ഭാസ്കരൻ പെടുന്നത്.
തരംതിരിച്ച മാലിന്യം നീക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഇടപെട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ പരാതി. നാട്ടുകാരും ഇക്കാര്യത്തില്‍ പ്രതിഷേധത്തിലാണ്. മാലിന്യം ഇത്രയധികം കുന്നകൂടിയതിനാലാണ് തീപ്പിടുത്തം ഇത്രയും ഭീകരമായതെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
Also Read:- പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-