ഫിറ്റ്നെസില്ല, പെര്‍മിറ്റുമില്ല; യാത്രക്കാരെ കുത്തിനിറച്ച് ദീര്‍ഘദൂര യാത്ര, 'ആന്‍ഡ്രു' പിടിയിൽ

കസ്റ്റഡിയിലെടുത്ത ബസിലെ യാത്രക്കാര്‍ക്ക് മറ്റൊരു ബസില്‍ തുടര്‍യാത്രാ സൗകര്യം ഏര്‍പ്പെടുത്തി.

private bus with no permit caught by motor vehicle officials in Kalpetta SSM

കല്‍പ്പറ്റ: ഫിറ്റ്നെസും പെര്‍മിറ്റുമില്ലാതെ വയനാട്ടില്‍ നിന്ന് നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനന്തവാടിയില്‍ നിന്നും 49 യാത്രക്കാരുമായി പോകുകയായിരുന്ന 'ആന്‍ഡ്രു' എന്ന ബസാണ് കല്‍പ്പറ്റയില്‍ വെച്ച് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

നേരത്തെ സൂപ്പര്‍ക്ലാസ് ശ്രേണിയില്‍ മാനന്തവാടിയില്‍ നിന്ന് സ്ഥിരമായി സര്‍വീസ് നടത്തിയിരുന്നതാണ് ഈ ബസ്. എന്നാല്‍ പിന്നീട് സ്വകാര്യ ബസുകളുടെ സൂപ്പര്‍ക്ലാസ് പദവി റദ്ദാക്കിയിട്ടും 'ആന്‍ഡ്രു' ബസ് ലിമിറ്റഡ് സ്‌റ്റോപ് ആയി മാനന്തവാടിയില്‍ നിന്നും സര്‍വ്വീസ് തുടരുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ദീര്‍ഘദൂര ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന രാത്രികാല പരിശോധനക്കിടെ കഴിഞ്ഞ ദിവസമാണ് അന്‍ഡ്രു ബസ് പിടിയിലായത്. 

ലിമിറ്റഡ് സ്റ്റോപ് ആയി സര്‍വീസ് നടത്തിയ ഈ ബസ് പെര്‍മിറ്റ് പുതുക്കുകയോ ഫിറ്റ്‌നസ് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് വെള്ളമുണ്ട-കുറ്റ്യാടി വഴിയായിരുന്നു മുന്‍കാലങ്ങളിലെ സര്‍വ്വീസ്. ഈ റൂട്ടില്‍ പെര്‍മിറ്റില്ലാതെ തന്നെ മാസങ്ങളോളം സര്‍വ്വീസ് നടത്തിയതായി പറയുന്നു. എന്നാല്‍ മറ്റു സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും പ്രശ്‌നമുണ്ടാക്കിയതോടെ വെള്ളമുണ്ട - കുറ്റ്യാടി വഴിയുള്ള റൂട്ട് ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാനന്തവാടി- പനമരം- കല്‍പ്പറ്റ- താമരശ്ശേരി- കോഴിക്കോട് വഴിയായിരുന്നു എറണാകുളത്തേക്കുള്ള സര്‍വ്വീസ്.

140 കിലോമീറ്ററിലധികം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നിലവില്‍ ഓടാന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നിട്ടും കഴിഞ്ഞ മാസം 22ന് ഫിറ്റ്‌നസ് കഴിഞ്ഞ ബസ് നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തിയെന്നത് കടുത്ത നിയമ ലംഘനമായാണ് അധികൃതര്‍ കണക്കാക്കുന്നത്. കസ്റ്റഡിയിലെടുത്ത ബസിലെ യാത്രക്കാര്‍ക്ക് മറ്റൊരു ബസില്‍ തുടര്‍യാത്രാ സൗകര്യം ഏര്‍പ്പെടുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios