ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
മലപ്പുറം: ചന്തക്കുന്ന് യുപി സ്കൂളിന് സമീപം ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗർഭിണി മരിച്ചു. ചന്തക്കുന്ന് യുപി സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ പ്രിജി (31) ആണ് മരിച്ചത്. ഭർത്താവ് സുജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പ്രിജി. സുജീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രിജി ലോറിക്ക് അടിയിലേക്ക് വീണുപോയി. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. സുജീഷിന് കാര്യമായി പരിക്കേറ്റിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതിനിടെ എറണാകുളത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി ആലുവ പുഴയിൽ മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഷാൽ ആലുവ പുഴയിൽ കുളിക്കാനിറങ്ങിയത്.