പ്രവാസിയുടെ വഴിപാട്, ഗുരുവായൂരപ്പന് പാൽപ്പായസം ഉണ്ടാക്കാൻ ഭീമൻ നാലുകാതൻ വാർപ്പ്; ഭാരവും അളവും ഞെട്ടിക്കും
2000 ലധികം കിലോ ഭാരവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട് ഈ ഭീമൻ വാർപ്പിന്
മാന്നാർ: ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ മാന്നാറിലെ വിശ്വകർമജകരുടെ കരവിരുതിൽ ഭീമാകാരമായ വാർപ്പ്. രണ്ടേകാൽ ടൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒന്നിച്ച് തയ്യാറാക്കാം. വാർപ്പ് പരുമലയിൽനിന്ന് വാഹനത്തിൽ ഗുരുവായൂരിലെത്തിച്ചു. പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികൾ നാലുമാസത്തെ പരിശ്രമത്തിലാണ് വാർപ്പ് നിർമിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ക്രയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്.
മയക്കുമരുന്ന് കടത്തിന് ഡ്രോൺ, വെടിവച്ചിട്ട് പൊലീസ്, 5 കിലോ ഹെറോയിൻ കണ്ടെടുത്തു; പ്രതികൾ പിടിയിൽ
2000 ലധികം കിലോ ഭാരവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട് ഈ ഭീമൻ വാർപ്പിന്. തൃശൂർ ചേറ്റുവ സ്വദേശി എൻ ബി പ്രശാന്താണ് ശുദ്ധമായ വെങ്കല പഴയോടിൽ നിർമിച്ച ഈ ഭീമൻ നാലുകാതൻ വാർപ്പ് ബുധൻ രാവിലെ ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം, എന്നിവ ഉപയോഗിച്ച് ചുറ്റിലും ഗജലക്ഷ്‌മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരുമുണ്ട്. ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ്, മലയാലപ്പുഴ തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങൾ നിർമിച്ചത് അനന്തൻ ആചാരിയാണ്.
നിവേദ്യ പാത്രങ്ങളും വിളക്കുകളും തയാറാക്കുന്നതോടൊപ്പം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികളും ചെയ്യുന്നു. മുമ്പ് 1000 ലിറ്റർ പാൽപ്പായസം തയാറാക്കാൻ കഴിയുന്ന രണ്ടുടൺ ഭാരമായ വാർപ്പ് നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ തൃക്കാർത്തികയ്‌ക്ക് ചക്കുളത്ത് ഭഗവതിക്ക് ചാർത്തിയ അരക്കിലോ തങ്കക്കിരീടവും, ചുനക്കര മഹാദേവന് സമർപ്പിച്ച തിരുവാഭരണവും, പാറമേക്കാവിലെ കോമരത്തിന് സമർപ്പിച്ച പള്ളിവാളും നിർമിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമർപ്പിക്കാൻ തുലാഭാരത്തട്ടിന്റെ നിർമാണവും അവസാനഘട്ടത്തിലാണെന്ന് അനന്തൻ ആചാരി പറഞ്ഞു.