നിർധനരായ 16 കുടുംബങ്ങൾക്ക് ആശ്രയമായ കെട്ടിടം; വലിയ ശബ്ദത്തോടെ ഒരു ഭാഗം പൊട്ടിവീണു, വൻ ദുരന്തം ഒഴിവായി

കെട്ടിടത്തിന്‍റെ മുകൾ വശത്തെ കോൺക്രീറ്റ് ഇളക്കി വീണു തുടങ്ങിയതോടെ രണ്ടാം നിലയിൽ താമസിച്ചിരുന്ന എട്ട് കുടുംബങ്ങൾ ഭയന്ന്  വാടക വീടുകളിലേക്ക് മാറിയിരുന്നു.

Portion of sunshade collapses at thiruvallam dr palpu memorial building vkv

തിരുവനന്തപുരം: തിരുവല്ലം പനത്തുറ ജിജി കോളനിയിൽ ഡോ. പൽപ്പു മെമ്മോറിയൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺസൈഡിൻറെ ഭാഗങ്ങൾ തകർന്നു വീണു. കുട്ടികൾ ഉൾപ്പടെയുള്ള അന്തേവാസികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. 36 വർഷത്തോളം കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾ ഏത് സമയവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. അപകട സമയം കെട്ടിടത്തിലെ അവശേഷിക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ള താമസക്കാർ സമീപത്തെ ക്ഷേത്രത്തിൽ പോയിരുന്നത്തിനാൽ വൻ ദുരന്തം ഒഴിവായി. 

കോവളം ജിജി ഹോസ്പിറ്റൽ ഉടമ ഡോ. വേലായുധൻ സ്വന്തം സ്ഥലത്ത് വീടില്ലാത്ത നിർധനരായ 16 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകിയതാണ് ഈ കെട്ടിടം. കെട്ടിട ഉടമ മരണപ്പെട്ടതോടെ സ്ഥലത്തിൻറെ ഉടമസ്ഥാവകാശം കൈമാറാൻ ഉണ്ടായ തടസ്സം മൂലം കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതാണ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 

കെട്ടിടത്തിന്‍റെ മുകൾ വശത്തെ കോൺക്രീറ്റ് ഇളക്കി വീണു തുടങ്ങിയതോടെ രണ്ടാം നിലയിൽ താമസിച്ചിരുന്ന എട്ട് കുടുംബങ്ങൾ ഭയന്ന്  വാടക വീടുകളിലേക്ക് മാറിയിരുന്നു. ഇനി അവശേഷിക്കുന്ന എട്ട് കുടുംബങ്ങളാണ് താഴത്തെ നിലയിൽ താമസിക്കുന്നത്. വാടക വീട്ടിലേക്ക് മാറാൻ പോലും കഴിയാത്തതിനാൽ ഇവർ ഏതു നിമിഷവും നിലം പതിക്കാവുന്ന കെട്ടിടത്തിൽ തന്നെ മരണഭയത്തോടെ കഴിയുകയാണ്. അപകട സാധ്യത കണക്കാക്കി വൈകിട്ടോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ  ഡോ. പൽപ്പു മെമ്മോറിയൽ കെട്ടിടത്തിലെ അന്തേവാസികള്‍ ഇരുട്ടിലുമായി.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആണ് ജനപ്രതിനിധികൾ തങ്ങളെ തിരിഞ്ഞു നോക്കുന്നതെന്ന് അന്തേവാസികള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നേതാക്കളാരും ഇത് വഴി വരാറില്ല, എല്ലാം വാഗ്ദാനങ്ങൾ മാത്രമായി   അവശേഷിക്കുമെന്നും കെട്ടിടത്തിലെ അവശേഷിക്കുന്ന അന്തേവാസികൾ പറയുന്നു.  കെട്ടിടം സർക്കാർ ഏറ്റെടുത്ത് തങ്ങൾക്ക് ഇവിടെ സുരക്ഷിതമായി അന്തിയുറങ്ങാൻ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം. സംഭവം അറിഞ്ഞ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കുടുംബങ്ങളെ ഉടനെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു. 

Read More : എറണാകുളത്ത് ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

Latest Videos
Follow Us:
Download App:
  • android
  • ios