രഹസ്യ വിവരം, ബസ് ഇറങ്ങി നടന്ന നഴ്സിംഗ് വിദ്യാർത്ഥികളെ പിന്തുടർന്ന് പൊലീസ്; പിടിച്ചത് എംഡിഎംഎയും കഞ്ചാവും
മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി നടക്കുന്നതിനിടെ തന്ത്രപരമായി ഇവരെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്സിംഗ് വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 4.72 ഗ്രാം എം.ഡി.എം.എയും 7.24 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. ബെംഗളൂരുവിലെ നഴ്സിംഗ് കോളേജ് വിദ്യാർഥികളായ മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ (21), സുഹൃത്ത് മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ (22) എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇരുവരും മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി അശ്വിന്റെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ തന്ത്രപരമായി ഇവരെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് ബെംഗളൂരുവിൽ ഇവർ താമസിച്ച ലോഡ്ജിൻ്റെ വിവരങ്ങളും യാത്ര വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എം.ഡി.എം.എ.യെന്ന് പൊലീസ് അറിയിച്ചു.