മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാള്‍കൂടി പിടിയില്‍
എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയിട്ടുള്ളത്. ഇയാളെ ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി
തൃശൂർ: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പൊലീസിനെ അക്രമിച്ച് ചാടി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖിൽ എന്നയാളാണ് പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയിട്ടുള്ളത്.
ഇയാളെ ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. ഇതോടെ കേസില്‍ നാല് പേർ അറസ്റ്റിലായി. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‍ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്.
രാത്രി 7.50 നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്‍തു. അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. പൊലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.