കയറുമായി പ്ലാവിൽ കയറി കുരുക്കിട്ടു, കൈയ്യിൽ വിഷവും; ആത്മഹത്യാ ഭീഷണിയുമായി 62 കാരൻ, ഒടുവില്‍ താഴെയിറക്കി
പ്രശ്‌നത്തില്‍ പരിഹാരം കാണാതെ തിരികെയിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയാണ് കൃഷ്ണന്‍ പ്ലാവില്‍ കയറിയത്. ഇദ്ദേഹത്തിന്റെ കൈയ്യില്‍ വിഷപദാര്‍ത്ഥവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കോഴിക്കോട്: കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടുവളപ്പിലെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. ഓമശ്ശേരി വെളിമണ്ണ സ്വദേശി കുണ്ടത്തില്‍ കൃഷ്ണ(62)നാണ് ഒന്നര മണിക്കൂറോളം നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
കൃഷ്ണന്റെ മകള്‍ ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഏറെ നാളായി കഴിയുകയാണ്. ഇവര്‍ തമ്മില്‍ സാമ്പത്തിക ബാധ്യതകളെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മധ്യസ്ഥന്‍ വഴി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. പ്രശ്‌നത്തില്‍ പരിഹാരം കാണാതെ തിരികെയിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയാണ് കൃഷ്ണന്‍ പ്ലാവില്‍ കയറിയത്.
ഇദ്ദേഹത്തിന്റെ കൈയ്യില്‍ വിഷപദാര്‍ത്ഥവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ഏറെ നേരം നടത്തിയ അനുനയ നീക്കത്തിന്റെ ഭാഗമായി ഒടുവില്‍ ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിക്കുകയായിരുന്നു.
Read More : ഉരുൾപൊട്ടലുണ്ടായപ്പോഴും കാട്ടിൽ, കൂടെ വന്നാൽ മുഴുവന്‍ തേനും വാങ്ങാമെന്ന് മന്ത്രി; ഒടുവിൽ ചേനന്‍ കാടിറങ്ങി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056