സംശയാസ്പദ സാഹചര്യത്തിൽ കണ്ടത് ചോദ്യംചെയ്തപ്പോൾ യുവാവ് കല്ല് ഉപയോഗിച്ച് ആക്രമിച്ചെന്ന് പൊലീസ്, അറസ്റ്റിൽ
പരിക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവ് കല്ല് ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി ആരോപണം. പരിക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുല്ല, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനു രാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയായ അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിനെ (23) അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ടോടെ ചിത്ര തിയ്യറ്ററിന് സമീപത്ത് വെച്ചാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന നോബിനെ കാണുകയായിരുന്നു. ഇയാള്‍ക്ക് സമീപത്തെത്തി ചോദ്യം ചെയ്യുന്നതിനിടയില്‍ യുവാവ് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കല്ല് കൊണ്ടായിരുന്നു ആക്രമണമെന്നും പൊലീസുകാര്‍ പറഞ്ഞു. എസ്‌ഐ ജിതേഷിന് കയ്യിലും സിനുരാജിന് നെഞ്ചിലും കൈക്കുമാണ് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം