കവിയുടെ ആ ആഗ്രഹം, കവിപത്നി സഫലമാക്കി

മെട്രോമാൻ ഇ ശ്രീധരന് തിരുക്കുറൾ പരിഭാഷയുടെ പ്രതി സമ്മാനിക്കണമെന്നത് കവി എസ്. രമേശൻ നായരുടെ ആഗ്രഹമായിരുന്നു.

Poet S  Rameshan Nair s last wish   fulfilled by his wife

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരന് തിരുക്കുറൾ പരിഭാഷയുടെ പ്രതി സമ്മാനിക്കണമെന്നത് കവി എസ്. രമേശൻ നായരുടെ ആഗ്രഹമായിരുന്നു. 2018 ഒക്ടോബർ അഞ്ചിന് തൻ്റെ വടിവൊത്ത കൈയക്ഷരത്തിൽ സമർപ്പണം  പുസ്തകത്തിലെഴുതി വച്ചിരുന്നു. എന്തുകൊണ്ടോ കവിയും സാങ്കേതിക ശാസ്ത്രജ്ഞനും തമ്മിൽ കണ്ടില്ല. 

2021 ജൂൺ 18ന് കവി അന്തരിക്കുകയും ചെയ്തു. അടുത്തിടെ, പെരിങ്ങോട്ടെ വസതിയായ 'ഇഷ്ടപദി 'യിൽ, കവിയുടെ വിശാല ഗ്രന്ഥശേഖരം അടുക്കിയൊരുക്കുമ്പോഴാണ് ഭാര്യ പി. രമ ഈ പുസ്തകത്തിലെ എഴുത്ത് കണ്ടത്. കവിയുടെ സങ്കല്പ പൂർത്തികൾക്കായാണ് ശിഷ്ട ജീവിതമെന്ന് പറയാറുള്ള മുൻ അധ്യാപിക കൂടിയായ രമ, പുസ്തകം എത്രയും വേഗം ഇ  ശ്രീധരന് കൈമാറാൻ അവസരം കാത്തിരുന്നു.

ഇന്നലെ, ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുടെ യോഗത്തിന് കുറകപുത്തൂരിലെ തറവാട്ടിലെത്തിയ ശ്രീധരനെ പി. രമ അവിടെയെത്തി കണ്ട് കവിയുടെ ആഗ്രഹമായിരുന്ന പുസ്തക കൈമാറ്റം നടത്തി. രമേശൻ നായരുടെ പ്രധാന പുസ്തകങ്ങളും നൽകി.
ഇത്രയും മഹത്തായ ഒരു സാക്ഷാൽക്കരണത്തിൻ്റെ വിവരം അറിഞ്ഞിരുന്നെങ്കിൽ വീട്ടിലെത്തി സ്വീകരിക്കുമായിരുന്നുവെന്ന് ഇ. ശ്രീധരൻ പറഞ്ഞു. 

Read more: സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ ' ഉത്സവം ' ആപ്പ് ; പുതിയ ചുവടുവെയ്പുമായി കൈറ്റ്

തിരുക്കുറളിൻ്റെ തർജ്ജമയും വ്യാഖ്യാനവും ആഗ്രഹിച്ച പുസ്തകമാണെന്നും അദ്ദേഹം വിശദീകരിച്ചു. ജീവിച്ചിരിക്കെ, കവിതന്നെ വിഭാവനം ചെയ്തിരുന്ന രമേശൻ നായർ ഫൗണ്ടേഷൻ യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച ചർച്ചയും നടത്തി. ചടങ്ങിൽ പങ്കെടുത്ത കാവാലം ശശികുമാർ, എസ്. രമേശൻ നായർ: കവിയും കവിതയും എന്ന അദ്ദേഹം എഴുതിയ പുസ്തകം  ഇ  ശ്രീധരന് നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios