85കാരൻ അഞ്ചുവയസുകാരിയെ ഉപദ്രവിച്ചതായി പരാതി, കേസെടുത്തിട്ടും പൊലീസ് തുടർ നടപടികളില്ലെന്ന് കുടുംബം
ആരോപണ വിധേയനായ 85കാരന്റെ ഫോൺ ഫോറൻസിക് വിഭാഗത്തിനു കൈമാറി പരിശോധിച്ചു. ആദ്യ പരിശോധനയിൽ പരാതിയിൽ ഉന്നയിക്കുന്ന ഫോട്ടോകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല: 85കാരൻ അഞ്ചുവയസുകാരിയെ ഉപദ്രവിച്ചെന്നും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചെന്നും ആരോപിച്ച് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികളില്ലെന്ന് കുടുംബം ആരോപിച്ചു. ഒക്ടോബർ ആറിനാണ് പരാതിനൽകിയത്. എട്ടിനാണ് പൊലീസ് കേസെടുത്തത്. പട്ടണക്കാട് പുതിയ കാവിലുളള 85കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്മൂമ്മ വീട്ടുജോലിചെയ്യുന്ന വീട്ടിൽവെച്ച് കുട്ടിക്കുനേരെ അതിക്രമുണ്ടായതായാണ് പരാതി. 85വയസുകാരന്റെ വീട്ടിൽ വർഷങ്ങളായി ഇവർ വീട്ടുജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം അവധി ദിവസങ്ങളിൽ കുട്ടിയും ഇവരോടൊപ്പം പോകും. സെപ്റ്റബർ 22ന് മൊബൈൽ ഫോണിൽ കുട്ടിയെ അശ്ലീലചിത്രങ്ങൾ കാണിച്ചുവെന്നും കുട്ടിയുടെ ഫോട്ടോയെടുത്തുവെന്നും കുട്ടിയ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്കൂളിലെ അധ്യാപികമാരോടു കുട്ടി പറഞ്ഞതായാണ് വിവരം.
സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ എഫ്ഐആറിൽ അവ്യക്തമായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുടർനടപടി ആവശ്യപെട്ടപ്പോൾ പൊലീസ് അപമാനിച്ചുവെന്നുമാണ് പരാതിക്കാർ പറയുന്നത്. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലവും ഡി ജിക്കു ഫോൺവഴിയും പരാതി നൽകിയിയിട്ടും നടപടിയുണ്ടായില്ല.
എന്നാൽ കുട്ടിയുടെ അമ്മയുടൈ പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെന്നും കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടക്കുകയാണെന്നും ചേർത്തല പൊലീസ് ഇൻസ്പക്ടർ വിനോദ്കുമാർ പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയനായ 85കാരന്റെ ഫോൺ ഫോറൻസിക് വിഭാഗത്തിനു കൈമാറി പരിശോധിച്ചു. ആദ്യ പരിശോധനയിൽ പരാതിയിൽ ഉന്നയിക്കുന്ന ഫോട്ടോകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ കുടുംബം പ്രതിഷേധത്തില്ലാണ്.