വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപ്രത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് പുജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു
ചേർത്തല: പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ ലക്ഷ്മി ഭവനിൽ നന്ദകുമാർ - സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് പുജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. സഹോദരി: പൂജിത.
അതേസമയം തൃശൂർ കുന്നംകുളത്ത് നിന്ന് പുറത്തുവരുന്ന വാർത്ത ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. നാടിന് തീരാത്ത നോവായി കുന്നംകുളം ആംബുലൻസ് അപകടം മാറുന്നു. അപകടത്തിൽ ആബിദും ഫെമിനയും ഒന്നിച്ച് മരിച്ചപ്പോൾ ഒറ്റക്കായത് അവരുടെ ഓമന മകനായ കുഞ്ഞ് ഐസിയാണ്. കുന്നംകുളത്ത് ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ അപകടത്തിലാണ് ആബിദും ഫെമിനയും മരിച്ചത്. ഉമ്മയെതേടി ഒന്നര വയസുപോലുമാകാത്ത കുഞ്ഞ് ഐസി വാശി പിടിക്കുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. പാലുകുടി മാറാത്ത ഐസി അമ്മിഞ്ഞപാലിനായി വാവിട്ട് കരയുന്ന കാഴ്ച്ച കണ്ടുനില്‍ക്കുന്നവരുടെയാകെ കണ്ണ് നിറയ്ക്കുകയാണ്. അപകടത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരങ്ങളിലും സമീപത്തെ വീട്ടുമതിലിലും ഇടിച്ച് മൂന്നു തവണ റോഡില്‍ മറിഞ്ഞു. സംഭവസ്ഥലത്ത് വെച്ച് മരിച്ച ഫെമിന, റഹ്മത്ത് എന്നിവർ റോഡില്‍ തെറിച്ചു വീണ് കിടക്കുകയായിരുന്നു. റോഡില്‍ വീണ് കിടന്ന ആബിദ് ആശുപത്രിയിലെത്തിയാണ് മരിച്ചത്. ആംബുലന്‍സിന്റെ വാതിലും ഉള്ളിലെ സ്ട്രക്ചറും റോഡില്‍ തെറിച്ചുവീണു. വസ്ത്രങ്ങളും ചെരിപ്പുകളും റോഡില്‍ ചിതറി കിടക്കുകയായിരുന്നു. പുലര്‍ച്ച നടന്ന അപകട മരണം അധികം പേരും അറിഞ്ഞിരുന്നില്ല.