'മുന്നിൽപ്പെട്ടാൽ മൂർഖനാണെന്ന് നോക്കില്ല', 2 വർഷത്തിനുള്ളിൽ ജൂലി കൊന്നത് 9 മൂർഖൻ പാമ്പുകളെ, പാമ്പുകൾ ജാഗ്രത!
കതക് തുറന്നാൽ രാധമ്മ കാൽ വയ്ക്കുക മൂർഖൻ പാമ്പിന് മുകളിലേക്ക് എന്ന നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. നായ നിലത്ത് അടിച്ച് കുരച്ചുകൊണ്ട് നിന്നതിനാൽ പാമ്പിന്റെ ശ്രദ്ധ പൂർണമായും മറ്റൊരു ദിശയിലേക്കായതിനാലാണ് വീട്ടമ്മ കഷ്ടിച്ച് രക്ഷപ്പെട്ടത്.
![pet dog kills 9 cobra in just two years kottayam Julie black lab on guard 10 February 2025 pet dog kills 9 cobra in just two years kottayam Julie black lab on guard 10 February 2025](https://static-gi.asianetnews.com/images/01jkpx2gxxtm95m44ef9p1h8ej/black-lab_363x203xt.jpg)
കോട്ടയം: രണ്ട് വർഷത്തിൽ ജൂലി കൊന്നത് 9 മൂർഖൻ പാമ്പുകളെ. പത്താമത്തെ പാമ്പിനെ വീട്ടുകാരുടെ ഇടപെടലിൽ രക്ഷിച്ച് വനംവകുപ്പിൽ നിന്ന് പരിശീലനം നേടിയ ജീവനക്കാരൻ. കോട്ടയം ചാന്നാനിക്കാട് ആണ് സംഭവം. ജൂലി എന്ന് പേരായ 13 വയസുള്ള ലാബ്രഡോർ നായയാണ് ഈ പാമ്പുവിരോധി. മുൻ ഹോമിയോ ഡിഎംഒ ഡോ പി എൻ രാജപ്പന്റെ വീട്ടിലെ വളർത്തുനായ ആയ ജൂലി പറമ്പിൽ എവിടെയെങ്കിലും മൂർഖനെ കണ്ടാൽ പിന്നെ കൊല്ലാതെ വിടില്ലെന്നാണ് വീട്ടുകാർ പ്രതികരിക്കുന്നത്. അടുത്തിടെയായി മേഖലയിൽ മൂർഖന്റെ ശല്യം കൂടിയതായും പരാതിയുള്ളപ്പോഴാണ് ജൂലിയുടെ സാഹസികത.
കഴിഞ്ഞ ദിവസം വീടിന്റെ പടിയിൽ എത്തി പത്തി വിടർത്തി നിന്ന മൂർഖനിൽ നിന്നാണ് പി എൻ രാജപ്പന്റെ ഭാര്യ രാധമ്മയെ ജൂലി രക്ഷിക്കുന്നത്. രാത്രിയിൽ ജൂലിയുടെ കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന രാധമ്മ പൂമുഖപ്പടിയിൽ പത്തി വീശി നിന്ന മൂർഖനെ കണ്ടിരുന്നില്ല. എന്നാൽ ജൂലിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ സംശയം തോന്നിയതിന് പിന്നാലെ നോക്കുമ്പോഴാണ് തൊട്ടുമുന്നിൽ കിടക്കുന്ന വിഷപ്പാമ്പിനെ കാണുന്നത്. കതക് തുറന്നാൽ രാധമ്മ കാൽ വയ്ക്കുക മൂർഖൻ പാമ്പിന് മുകളിലേക്ക് എന്ന നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. നായ നിലത്ത് അടിച്ച് കുരച്ചുകൊണ്ട് നിന്നതിനാൽ പാമ്പിന്റെ ശ്രദ്ധ പൂർണമായും മറ്റൊരു ദിശയിലേക്കായതിനാലാണ് വീട്ടമ്മ കഷ്ടിച്ച് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ട രാധമ്മ മുൻവാതിൽ അടച്ച ശേഷം അടുക്കള വാതിലിലൂടെ പുറത്തിറങ്ങി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വനം വകുപ്പിൽ നിന്നുള്ള പാമ്പ് പിടുത്തക്കാരനായ ഇല്ലിക്കൽ പ്രശോഭ് എത്തി മൂർഖനെ പിടികൂടുകയായിരുന്നു.
പറമ്പിൽ എവിടെ നിന്ന് പിടികൂടുന്ന പാമ്പിനേയും വീട്ടുമുറ്റത്ത് കൊണ്ട് വന്ന് കടിച്ച് കൊല്ലുന്നതാണ് ജൂലിയുടെ രീതിയെന്നാണ് വീട്ടുകാരുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഗ്രില്ലിന് അകത്തേക്ക് കടക്കാൻ പറ്റാതെ വന്നതാണ് മൂർഖന്റെ ജീവൻ രക്ഷിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. ചാന്നാനിക്കാട് മേഖലയിൽ അടുത്തിടെയായി പാമ്പ് ശല്യം കൂടുതലാണെന്നാണ് വനംവകുപ്പ് ജീവനക്കാരൻ പറയുന്നത്.
പാമ്പുകളെ കണ്ടാൽ ഭയക്കേണ്ട, ഉടൻ വനംവകുപ്പിനെ വിവരമറിയിക്കുക. സർപ എന്ന മൊബൈൽ ആപ്പിൽ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രങ്ങൾ പരിസരം ഉൾപ്പെടെ കിട്ടുംവിധം പകർത്തി അപ്‌ലോഡ് ചെയ്യുക. 25 കിലോമീറ്റർ ചുറ്റളവിൽ ഉള്ള റെസ്ക്യൂ ടീം അംഗങ്ങളിൽ ഏറ്റവും അടുത്തുള്ളവർ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും. സേവനം സൗജന്യമാണ്. ഫോൺ: 8943249386.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം