കൈക്കരുത്തിൽ പൊളിച്ചെഴുതിയത് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്; താരമായി മാസ്റ്റർ അജിത് കുമാർ
ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പ് (plank push up), ലെഗ് സ്പ്ലിറ്റ് (legsplit) എന്നിവയിലാണ് അജിത് കുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
കോഴിക്കോട്: കൈക്കരുത്തിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് പയ്യോളി സ്വദേശി മാസ്റ്റർ അജിത് കുമാർ. കോഴിക്കോട്ട് പയ്യോളി മാണിക്കോത്ത് കൂട്ടായ്മ വാർഷികാഘോഷവുമായി ബന്ധപ്പെട്ടാണ് മാസ്റ്റർ അജിത് കുമാർ ഗിന്നസ് വേൾഡ് റെക്കോർഡിനായി ശ്രമം നടത്തിയത്. ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പ് (plank push up), ലെഗ് സ്പ്ലിറ്റ് (legsplit) എന്നിവയിലാണ് അജിത് കുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പിലെ നിലവിലെ റെക്കോർഡ് ഒരുമിനുട്ടിൽ 63 ആണ്. അത് അജിത്ത് കുമാർ ഒരു മിനുട്ടിൽ 69 എണ്ണം ആക്കി ഉയർത്തിയാണ് റെക്കോർഡിനെ മറികടന്നത്. ലെഗ് സ്പ്ലിറ്റിൽ നിലവിലെ റെക്കോർഡ് ഒരു മിനുട്ടിൽ 17 ആണ് റെക്കോർഡ്. അത് അജിത്ത് കുമാർ 33 എണ്ണം ആക്കി ഉയർത്തിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 25 വർഷമായി മാർഷ്യൽ ആർട്സ് രംഗത്തുള്ള അജിത് കുമാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. ഈ ഇനങ്ങളിൽ ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്, ഇൻറർനാഷണൽ ബുക്സ് ഓഫ് റെക്കോർഡ്, എഷ്യൻ ബുക്സ് ഓഫ് റെക്കോർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കരാട്ടെ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും കളരി ഗുരുക്കളും തൈ ക്യാൻഡോ ഇൻസ്ട്രക്ടറുമാണ്.
മാസ്റ്റർ അജിത് കുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് അറ്റംപ്റ്റ് ചടങ്ങ് കെ മുരളിധരൻ എം പി ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പൽ കൗൺസിലർ ഷൈമ മണന്തല അധ്യക്ഷയായിരുന്നു. നന്ദുലാൽ മാണിക്കോത്ത്, കുഞ്ഞിമൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗിന്നസ് ടീം ജഡ്ജസായി സമീർ പരപ്പിൽ , സജീവൻ , മുഹമ്മദ് റഷീദ്, അജയ് ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.
Read Also: മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം, ചികിത്സയിലിരുന്ന ആദിവാസി യുവാവ് മരിച്ചു