പന്നിയങ്കര ടോള്‍; ഒരുമാസം സൗജന്യമായി പോകുന്നത് 9000 വാഹനങ്ങളെന്ന് കരാർ കമ്പനി
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിട്ടുള്ളത്
![Panniyankara Toll Plaza monthly 9000 vehicle avail free journey says toll company 6 February 2025 Panniyankara Toll Plaza monthly 9000 vehicle avail free journey says toll company 6 February 2025](https://static-gi.asianetnews.com/images/01gxmdxsnka51vye9kfhwzw611/123--tvu-8---clip-002-02_363x203xt.jpg)
തൃശൂർ: മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്ന് കരാര്‍ കമ്പനി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിട്ടുള്ളത്. സൗജന്യം നല്‍കാനാവില്ലെന്ന കരാര്‍ കമ്പനി നിലപാടിനെത്തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ജനുവരി അഞ്ചിന് പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു.
ടോള്‍വഴി സൗജന്യമായി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ കമ്പനി കണക്കെടുത്തത്. ഇതിനുപുറമേ വാഹനത്തിന്റെ ആര്‍.സി. ബുക്കിലെ വിലാസം തിരുത്തി സൗജന്യമായി കടന്നുപോയ സംഭവങ്ങളും കണ്ടെത്തിയതായി കമ്പനി അധികൃതര്‍ പറഞ്ഞു. അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് സൗജന്യം നല്‍കാമെന്ന് കരാര്‍ കമ്പനി യോഗത്തില്‍ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കമ്പനിയുടെ ആവശ്യപ്രകാരം 1,200 പേര്‍ വിലാസം തെളിയിക്കുന്ന രേഖകള്‍ ടോള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചു. അതേസമയം, 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യം അനുവദിക്കണമെന്നാണ് പന്തലാംപാടം ജനകീയസമിതിയുടെ ആവശ്യം. വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നതിനായി ഫെബ്രുവരി ആറിനുള്ളില്‍ യോഗം വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി.പി.സുമോദ് എം.എല്‍.എ വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം