അഞ്ചുലക്ഷം ഫോണ്‍കോളുകളും 150 സിസിടിവികളും പരിശോധിച്ചു, നാടിനെ നടുക്കിയ പനമരത്തെ ഇരട്ടക്കൊല: വിചാരണ തുടങ്ങുന്നു
പനമരം നെല്ലിയമ്പത്ത് വൃദ്ധദമ്പതികള്‍ ദാരുണമായി കൊലപ്പെട്ട കേസിന്റെ വിചാരണ ബുധനാഴ്ച ആരംഭിക്കും. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ടില്‍ ജഡ്ജി വി. അനസായിരിക്കും വാദം കേള്‍ക്കുക
കല്‍പ്പറ്റ: പനമരം നെല്ലിയമ്പത്ത് വൃദ്ധദമ്പതികള്‍ ദാരുണമായി കൊലപ്പെട്ട കേസിന്റെ വിചാരണ ബുധനാഴ്ച ആരംഭിക്കും. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ടില്‍ ജഡ്ജി വി. അനസായിരിക്കും വാദം കേള്‍ക്കുക. ഇന്ന് മുതല്‍ പതിനേഴുവരെയാണ് വിചാരണ. 021-ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു പനമരം പഞ്ചായത്തിലുള്‍പ്പെട്ട നെല്ലിയമ്പം ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഭവം നടന്ന് മൂന്നുമാസത്തിനുശേഷം സെപ്റ്റംബര്‍ 17-നാണ് പ്രതി നെല്ലിയമ്പം കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുനനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. കേസില്‍ നൂറ്റിരണ്ട് സാക്ഷികളാണുള്ളത്. ആദ്യദിനം സാക്ഷികളെ അടക്കം വിസ്തരിച്ച് തുടങ്ങും. ഇന്നലെ തുടങ്ങാനിരുന്ന വിചാരണ നടപടികള്‍ ജഡ്ജ് അവധിയായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സണ്ണി പോളും പ്രതിഭാഗത്തിനായി അഡ്വ. പി.ജെ. ജോര്‍ജുമാണ് വാദങ്ങള്‍ നിരത്തുക. മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. മാനന്തവാടി ഡിവൈ.എസ്.പി.യായിരുന്ന എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
കൊലപാതകം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോണ്‍കോളുകളാണ് പരിശോധിച്ചത്. ഇതിന് പുറമെ മൂവായിരത്തോളം കുറ്റവാളികളെയും നിരീക്ഷിച്ചു. 150 സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രദേശവാസികളടക്കമുള്ളവരെ നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനിടെ നാട്ടുകാരന്‍ തന്നെയായ അര്‍ജുന്റെ മൊഴികളിലെ വൈരുധ്യമാണ് പ്രതിയെന്ന സംശയത്തിലേക്ക് എത്തിച്ചത്.
Read more: തൃശ്ശൂരിൽ മുത്തശ്ശിയും രണ്ട് വയസുകാരിയും സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണു, രക്ഷകരായി ഫയർഫോഴ്സ്
മണിക്കൂറുകളോളം നീണ്ട പോലീസ് ചോദ്യംചെയ്യലിനിടെ വിഷംകഴിച്ച് അര്‍ജുന്‍ ആശുപത്രിയിലായിരുന്നു. ചികിത്സ കഴിഞ്ഞതോടെ വീണ്ടും ചോദ്യംചെയ്തതിന് പിന്നാലെയായിരുന്നു യുവാവിന്റെ അറസ്റ്റ്. മാതാപിതാക്കള്‍ മരിച്ച പ്രതി അര്‍ജുന്‍ കൊലപാതകം നടന്ന വീട്ടില്‍ ഏതാനും മീറ്ററുകള്‍മാറിയുള്ള കുറുമകോളനിയിലെ വീട്ടില്‍ സഹോദരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് വിചാരണ തുടങ്ങുന്നതെങ്കിലും ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതി പിടിയിലായ അന്നുമുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.