പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി
വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.
പാലക്കാട് : സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് നല്ലേപ്പുള്ളി ഗവ.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവ൪ത്തക൪ തടസപ്പെടുത്തിയിരുന്നത് വലിയ വിവാദമായിരുന്നു. ഈ സ്കൂളിനടുത്താണ് തത്തമംഗലം ജിബിയുപി സ്കൂൾ. നല്ലേപ്പുള്ളി ഗവ.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പരിപാടികൾ തടസ്സപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞ് സ്കൂൾ മുറ്റത്ത് സാന്തക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മൂവ൪ സംഘം കടന്നു വന്നത്. ആദ്യം അധ്യാപകരോടും വിദ്യാ൪ത്ഥികളോടും പാട്ട് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം അധ്യാപക൪ക്കടുത്തേക്കെത്തിയ സംഘം സാന്താതൊപ്പിയണിഞ്ഞതിനെയും വസ്ത്രധാരണത്തെപറ്റിയും ചോദ്യം ചെയ്തു. വിദ്യാ൪ത്ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞു. പരിപാടി നി൪ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മൂവരും മടങ്ങിപ്പോകുകയായിരുന്നു.
പ്രധാനാധ്യാപിക ജയന്തിയുടെ പരാതിയിൽ ചിറ്റൂ൪ പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. മത സ്പ൪ധ വള൪ത്താനുള്ള ഉദ്ദേശത്തോടെ സ്കൂളിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ ഭീതിയിലാക്കി, അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.