കാഞ്ചനമാലക്ക് സ്വപ്ന സാക്ഷാത്കാരം; മൊയ്തീൻ സേവാമന്ദിരത്തിന് പുതിയ ഇടം
1987ൽ പ്രവർത്തനമാരംഭിച്ച സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം വേണമെന്നുള്ളത് അന്നുമുതലുള്ള കാഞ്ചനമാലയുടെ മോഹമാണ്. മൊയ്തീന്‍റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പിന്തുണയുമായെത്തിയപ്പോൾ സാക്ഷാത്കരിക്കപ്പട്ടത് സാധ്യമാകുമോയെന്ന് പലവട്ടം സംശയിച്ച സ്വപ്നം.
കോഴിക്കോട്: കാഞ്ചനമാലയുടെ കാലങ്ങളായുളള കാത്തിരിപ്പിന് സാക്ഷാത്കാരം. മുക്കത്ത് ബി.പി മൊയ്തീൻ സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടമായി. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഈ മാസം 20ന് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും.
മൊയ്തീനും കാഞ്ചനമാലയും മലയാളി മനസിനെ പൊള്ളിച്ച പ്രണയകഥയിലെ നായികാനായകന്‍മാരാണ്. പ്രണയത്തീയില്‍ അവര്‍ മറ്റാര്‍ക്കും മനസിലാകാത്ത ഒരു ഭാഷയക്ക് പോലും രൂപം നല്‍കി. മൊയ്തീന്‍ മരിച്ച് മൂന്നര പതിറ്റാണ്ടിനിപ്പുറവും കാഞ്ചനമാല ആ ഭാഷ മറന്നിട്ടില്ല.
പ്രണയത്തിന്‍റെ ഈ അപൂര്‍വ ഭാഷ മാത്രമല്ല, മൊയ്തീന്‍റെ മരണശേഷം ഏറ്റെടുത്ത ഒരു കാര്യവും കാഞ്ചനമാല കൈവിട്ടിട്ടില്ല. ഇതില്‍ ഏറ്റവും വലിയൊരു സ്വപ്നമാണ് ഈ മാസം 20ന് സാക്ഷാത്കരിക്കപ്പെടുന്നത്. ഇനിയീ കത്തുകള്‍ മാളിക കോംപ്ലക്ലിലെ മുറിയിലിരുന്ന് വായിക്കാനാവില്ലല്ലോ എന്നതു മാത്രമാണ് സങ്കടമെന്ന് തമാശച്ചിരിയോടെ കാഞ്ചനമാല പറയുന്നു. 1987ൽ പ്രവർത്തനമാരംഭിച്ച സേവാമന്ദിരത്തിന് സ്വന്തമായി കെട്ടിടം വേണമെന്നുള്ളത് അന്നുമുതലുള്ള കാഞ്ചനമാലയുടെ മോഹമാണ്. മൊയ്തീന്‍റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പിന്തുണയുമായെത്തിയപ്പോൾ സാക്ഷാത്കരിക്കപ്പട്ടത് സാധ്യമാകുമോയെന്ന് പലവട്ടം സംശയിച്ച സ്വപ്നം.
മൊയ്തീന്‍റെ ഉമ്മ അരീപ്പറ്റ മണ്ണിൽ ഫാത്തിമയുടെ പേരിലുള്ള വീട്ടിലായിരുന്നു വർഷങ്ങളോളം സേവാമന്ദിരം പ്രവർത്തിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് മാളിക കോംപ്ലക്ലിലെ മൂന്നാം നിലയിലേക്ക് മാറിയത്. പുതിയ കെട്ടിടത്തിൽ വായനാശാല, വൃദ്ധജനങ്ങൾക്കായുളള സായാഹ്നസ്വർഗം, വനിതകൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം, പ്രശ്നപരിഹാര സെൽ എന്നിവയാണ് പ്രവർത്തിക്കുക.