Asianet News MalayalamAsianet News Malayalam

വാട്സ്ആപ്പ് ഗ്രൂപ്പിൽ ലാഭക്കണക്ക്, തൃശൂർ സ്വദേശിയിൽ നിന്ന് 11 തവണയായി തട്ടിയത് 31,97,500 രൂപ; 2 പേർ പിടിയിൽ

പ്രതികള്‍ പരാതിക്കാരന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ നൽകി. എന്നാൽ പിന്നീട് ലാഭവുമില്ല നിക്ഷേപിച്ച തുകയുമില്ല

online trading fraud 3197500 extorted from thrissur native two arrested
Author
First Published Sep 27, 2024, 12:56 PM IST | Last Updated Sep 27, 2024, 12:56 PM IST

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൂടുതല്‍ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയില്‍ നിന്നും 31,97,500 രൂപ തട്ടിയെടുത്ത കേസില്‍ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കപറമ്പ് സ്വദേശിയായ യാസിര്‍ റഹ്മാന്‍ (28), മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നാഫിഹ് പി (20) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. 

എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ പ്രതികള്‍ വാട്സ് ആപ്പിലൂടെ പരാതിക്കാരനെ  തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിലൂടെ ഇരട്ടി ലാഭം നേടാം എന്നും വിശ്വസിപ്പിക്കുന്ന മെസേജുകള്‍ അയയ്ക്കുകയായിരുന്നു. ഇതില്‍ ട്രേഡിംഗിനെ പറ്റിയും ലാഭത്തെ പറ്റിയും കൂടുതല്‍ അറിയുന്നതിനായി എഫ് 06- എസ്എംസി സ്റ്റോക്ക് ബൂസ്റ്റ് ഗ്രൂപ്പ് (F06 - SMC Stock Boost Group) എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങളുടെ ലാഭത്തെ കുറിച്ചും ട്രേഡിംഗിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ട് വിശ്വസിച്ച പരാതിക്കാരന്‍, കഴിഞ്ഞ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ 11 ഘട്ടങ്ങളിലായി 31,97,500 രൂപ ട്രേഡിംഗിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പ്രതികള്‍ പരാതിക്കാരന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ കൊടുക്കുകയും ചെയ്തു. 

ലാഭവിഹിതവും അയച്ച തുകയും തിരികെ ലഭിക്കാതായപ്പോഴാണ് പരാതിക്കാരന്‍ തട്ടിപ്പ് മനസിലാക്കിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. 

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി എസ് സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം എസ്. ഷിനിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം പോര്‍ട്ടലില്‍  റിപ്പോര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930 ഡയല്‍ ചെയ്യണമെന്നും പോലീസ് അറിയിച്ചു.


'അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്, കൈ തെളിയാൻ ഇനി വേറെ പൈസ കൊടുക്കേണ്ടിവരില്ല': സന്തോഷം പങ്കുവെച്ച് ഗണേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios