ഓൺലൈൻ ടാക്സിയുടെ മറവിൽ നടത്തിയിരുന്നത് മയക്കുമരുന്ന് വിൽപ്പന; മൂന്ന് പേർ എക്സൈസിന്‍റെ പിടിയിൽ
കൊച്ചി കണ്ണമാലി സ്വദേശി 'തീപ്പൊരി' എന്ന് വിളിക്കുന്ന ആൽഡ്രിൻ ജോസഫ് , മട്ടാഞ്ചേരി പറവാനമുക്ക് സ്വദേശി സാബു ജെ ആർ, മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് സ്വദേശി പി എൻ നാസിഫ് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എണാകുളം ടൗൺ നോർത്ത് എക്സൈസ് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
കൊച്ചി: ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘം എക്സൈസ് പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 12 ഗ്രാം എംഡിഎംഎ,15 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന കാർ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കൊച്ചി കണ്ണമാലി സ്വദേശി ആൽഡ്രിൻ ജോസഫ് , മട്ടാഞ്ചേരി പറവാനമുക്ക് സ്വദേശി സാബു ജെ ആർ, മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് സ്വദേശി പി എൻ നാസിഫ് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എണാകുളം ടൗൺ നോർത്ത് എക്സൈസ് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
രണ്ട് മാസം മുൻപ് ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന നടത്തുന്ന രണ്ട് പേരെ കൊച്ചി എളമക്കര ഭാഗത്ത് നിന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ടീം പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടാക്സി കാറുകളിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന 'ആൽഡ്രിൻ ജോസഫിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. കോഡ് നെയിം മാത്രമേ അന്ന് എക്സൈസ് സംഘത്തിന് ലഭിരുന്നുള്ളൂ. ഇയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്‍റെ മേൽനോട്ടത്തിൽ ഫോൺ നമ്പറുകൾ, ഫോൺ കോൾ വിവരങ്ങൾ, എന്നിവ സൂഷ്മമായി പരിശോധന നടത്തുകയും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
ഇതിന്‍റെ ഫലമായി കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാർ രാത്രി 9.30 മണിയോട് കൂടി ഇടപ്പള്ളി ഭാഗത്ത് വച്ച് കണ്ടെത്തി. ഇടപ്പള്ളി നിഗ്നലിന് പടിഞ്ഞാറ് വശത്ത് വച്ച് വാഹനം എക്സൈസ് സംഘം തടഞ്ഞു. അപകടം മണത്ത പ്രതികൾ കാർ അതിവേഗം വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും വാഹനം ട്രാഫിക് ബ്ലോക്കിൽ അകപ്പെടുകയായിരുന്നു. തുടർന്ന് മൂവരേയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഒരു ഗ്രാം മയക്കുമരുന്ന് അടങ്ങിയ, പന്ത്രണ്ടോളം സിപ് ലോക്ക് കവറുകൾ ഇവരുടെ പക്കൽ നിന്നും കാറിൽ നിന്നുമായി കണ്ടെടുത്തു.
കാറിൽ കഞ്ചാവും സൂക്ഷിച്ചിരുന്നു. പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിന് ടാക്സി വാഹനത്തിൽ യാത്രക്കാരെയും കൊണ്ട് പോകുന്ന പ്രതീതി ഉണ്ടാക്കി അതി വിദഗ്ധമായാണ് മൂവർ സംഘം സഞ്ചരിച്ചിരുന്നത്. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ജനീഷ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, എറണാകുളം സർക്കിളിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വിബിൻ ബാബു, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് ബി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം