Asianet News MalayalamAsianet News Malayalam

തിരുവമ്പാടിയിലെ 14കാരി ഇറങ്ങിയത് ഫോൺ മാത്രമെടുത്ത്, സംശയം തോന്നിയില്ല, പ്രതി സ്ഥിരം കുറ്റവാളി, 1 അറസ്റ്റ് കൂടി

അജയ് നിരവധി കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

One more  arrest in the incident of abducting a  14 year old girl thiruvambadi kozhikode
Author
First Published Oct 12, 2024, 5:28 PM IST | Last Updated Oct 12, 2024, 5:28 PM IST

കോഴിക്കോട്: തിരുവമ്പാടിയിൽ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയ തിരുവമ്പാടി സ്വദേശി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും ഇടുക്കി പീരുമേട് സ്വദേശിയുമായ അജയ്(24) നേരത്തേ പിടിയിലായിരുന്നു.

ഒരാഴ്ച മുന്‍പ് ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ല. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

അജയ് നിരവധി കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. സെപ്റ്റംബര്‍ 30ന് ഓമശ്ശേരി വേനപ്പാറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കഴിഞ്ഞ ദിവസം പ്രതിയുമായി എത്തി പൊലീസ് കണ്ടെടുത്തു. നോര്‍ത്ത് കാരശ്ശേരിയിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നുമാണ് ബൈക്ക് ലഭിച്ചത്. 

എറണാകുളം കളമശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക്  മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷമാണ് അജയ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇടുക്കി, പീരുമേട്, ചേവായൂര്‍, താമരശ്ശേരി, തിരുവമ്പാടി , മുക്കം പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios