കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം
കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു സ്മൃതി
കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്.
കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. ഈ 20കാരി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തി. ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല.
അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആന്‍റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇൻജക്ഷൻ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്‍റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്‍റ് സൂചിപ്പിക്കുന്നു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കുമ്പള പൊലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം