ദേശീയപാതക്ക് സ്ഥലം വിട്ടുനൽകിയവർക്ക് പൊന്നുംവില, റിങ് റോഡിനോട് അവഗണനയോ, ലഭിക്കുക പകുതി മാത്രമെന്ന് ആക്ഷേപം
24 വില്ലേജുകളിലായി 63 കിലോമീറ്റർ നീളുന്ന ഔട്ടർ റിംഗ് റോഡിനായി ഏറ്റെടുക്കേണ്ടത് 288 ഹെക്ടർ ഭൂമിയാണ്. ഇതിൽ 3215 വീടുകളും കെട്ടിടങ്ങളും ഉൾപ്പെടും.
തിരുവനന്തപുരം: വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം കണക്കാക്കുന്നതിൽ കടുത്ത വിവേചനമെന്ന് പരാതി. കേന്ദ്ര മാനദണ്ഡ പ്രകാരം കാലപ്പഴക്കം കണക്കാക്കി പണം നൽകുമ്പോൾ വീടിന്‍റെ പകുതി വിലപോലും കിട്ടുന്നില്ലെന്നാണ് പരാതി. ദേശീയപാതയ്ക്കായി ഏറ്റെടുത്ത വീടുകൾക്ക് കാലപ്പഴക്കം കണക്കാക്കാതെ പണം നൽകിയപ്പോഴാണ് വിഴിഞ്ഞത്ത് വിവേചനമെന്ന ആക്ഷേപമുണ്ടാകുന്നത്.
ആയുസ്സിന്‍റെ മുക്കാലും പ്രവാസിയായിരുന്നു ചന്ദ്രമോഹനനും ഭാര്യ പദ്മയും ശേഷിക്കുന്ന കാലം നാട്ടിൽ കൂടാമെന്ന് കരുതിയാണ് ജനിച്ച് വളര്‍ന്ന മലയിൻകീഴിൽ ഒരു വീട് വച്ചത്. പക്ഷെ മനസമാധാനമായി ആ വീട്ടിൽ കിടന്ന് ഉറങ്ങിയിട്ട് ചുരുങ്ങിയത് രണ്ട് വര്‍ഷമായി. ചുരുങ്ങിയത് ഒരു കോടി രൂപ വിപണി വിലയുണ്ടായിരുന്ന വീട് റിംങ് റോഡിന് നൽകുമ്പോൾ മാനദണ്ഡപ്രകാരം കിട്ടുന്നത് പകുതി മാത്രമാണ്. വീടിന്‍റെ കാലപ്പഴക്കം അന്നത്തെ നിര്‍മ്മാണ ചെലവ് ഇനി നിലനിന്നേക്കാവുന്ന കാലപരിധി എന്നിവയെല്ലാം കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകുന്നത്.
24 വില്ലേജുകളിലായി 63 കിലോമീറ്റർ നീളുന്ന ഔട്ടർ റിംഗ് റോഡിനായി ഏറ്റെടുക്കേണ്ടത് 288 ഹെക്ടർ ഭൂമിയാണ്. ഇതിൽ 3215 വീടുകളും കെട്ടിടങ്ങളും ഉൾപ്പെടും. 30 വർഷം പഴക്കമുള്ള 50 ലക്ഷം മൂല്യമുള്ള ഒരു കോൺക്രീറ്റ് വീടിന് നിലവിലെ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നിശ്ചയിച്ചാൽ ലഭിക്കുക 24 ലക്ഷംരൂപ മാത്രമാണ്. വെങ്ങാനൂർ മലയൻകീഴ്, 11 വില്ലേജുകളിലാണ് നിലവിൽ ഭൂമി ഏറ്റെടുത്ത് രേഖകൾ കൈപ്പറ്റിയത്. ഇവിടെ മാത്രം 1750 വീട് പൊളിച്ച് മാറ്റണം. ദേശീയ പാത 66 ന് സ്ഥലമേറ്റെടുക്കലിന് നിലവിലുള്ള കെടങ്ങൾക്ക് മൂല്യം കണക്കാക്കി അതേ വില നൽകിയൊക്കെയാണ് ഏറ്റെടുക്കൽ നടന്നത്. സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനുള്ള അനുബന്ധ റോഡെന്ന നിലയിൽ അതേ പരിഗണന റിംങ് റോഡിന് കിടപ്പാടം വിട്ടുകൊടുക്കുന്നവര്‍ക്കും കിട്ടണമെന്നാണ് ആവശ്യം.