'വിദ്യാലയമാണ്, വഴിയടയ്ക്കരുത്'; ആന്‍റോ ആന്‍റണി എംപിയുടെ നേതൃത്വത്തിൽ റോഡ് വെട്ടി പ്രതിഷേധം
സ്ഥലം കാർഷിക ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് നൽകേണ്ടെന്നാണ് കൃഷി വകുപ്പിന്‍റെ തീരുമാനം
പത്തനംതിട്ട: ആന്‍റോ ആന്‍റണി എംപിയുടെ നേതൃത്വത്തിൽ റോഡ് വെട്ടി പ്രതിഷേധം. കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ പുതിയ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി നവീകരിക്കാൻ കൃഷിവകുപ്പ് അനുവദിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
ആന്‍റോ ആന്‍റണിയും കോൺഗ്രസ് പ്രവർത്തരും ചേർന്നാണ് റോഡ് വെട്ടി പ്രതിഷേധിച്ചത്. എംപി ഫണ്ടിൽ നിന്ന് 30 കോടി ചെലവിട്ട് കേന്ദ്രീയ വിദ്യാലയം പൂർത്തിയായി. ഉദ്ഘാടനത്തിന് മുമ്പ് റോഡ് നവീകരിക്കണം. 22 ലക്ഷം രൂപയുടെ ഫണ്ട് അതിനും അനുവദിച്ചു. എന്നാൽ കൃഷിവകുപ്പിന്‍റെ കൈവശമുള്ള ഭൂമിയായതിനാൽ നവീകരണത്തിന് അവരുടെ എൻഒസി വേണം. അനുമതി നൽകുമെന്ന് കൃഷി മന്ത്രി നൽകിയ ഉറപ്പ് വെറും വാക്കായെന്നാണ് എംപിയുടെ പരാതി.
എന്നാൽ സ്ഥലം കാർഷിക ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് നൽകേണ്ടെന്നാണ് കൃഷി വകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം എംപിയുടെ നേതൃത്വത്തിൽ സ്കൂളിന് സമീപം ഉപവാസ സമരം നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ അനുമതിക്ക് കാത്തുനിൽക്കാതെ നവീകരണ ജോലികളുമായി മുന്നോട്ടുപോകാനാണ് എംപിയുടെ തീരുമാനം.