മഹാരാഷ്ട്രയിൽ നിന്നു വന്ന വാഹനത്തിൽ നിന്ന് നൈട്രജൻ വാതകച്ചോർച്ച; 49980 രൂപ പിഴയടപ്പിച്ച് എംവിഡി
യാത്രക്കാർ ലോറി തടഞ്ഞ് നിർത്തി അഗ്നിശമന സേനയേയും പൊലീസിനെയും വിവരമറിച്ചു. സംഘം സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കി.
ചേർത്തല: നൈട്രജൻ വാതകം കയറ്റി വന്ന ലോറിയിൽ നിന്നും വാതകം ചോർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര ലോറിയിൽ നിന്നുമാണ് വാതകച്ചോർച്ച ഉണ്ടായത്. ലോറിയുടെ പുറകിലെ വാതക ക്രമീകരണ റൂമിൽ നിന്നും വാതകം താഴേയ്ക്ക് വമിക്കുകയായിരുന്നു.
യാത്രക്കാർ ലോറി തടഞ്ഞ് നിർത്തി അഗ്നിശമന സേനയേയും പൊലീസിനെയും വിവരമറിച്ചു. സംഘം സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കി. തുടർന്ന് ചേർത്തല മോട്ടോർ വാഹന ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനത്തിൽ നൈട്രജൻ പോലുള്ള വാതകം കേരളത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അനുവാദമില്ലെന്ന് കാട്ടി 49,980 രൂപ ലോറി ഉടമയ്ക്കും, കമ്പനിക്കെതിരെയും ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷ് പിഴ നൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ കെഡി ബിജു, ചേർത്തല എസ് ഐ അനിൽ കുമാർ, തുടങ്ങിയവരും പങ്കെടുത്തു.