സ്വപ്നം പൂവണിഞ്ഞു, ഇനി കാത്തിരിപ്പ് കൂടുതൽ വണ്ടികൾക്ക്; നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ വൈദ്യുതി ട്രെയിനെത്തി

നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മ്മ സമിതി പ്രവര്‍ത്തകരായ ജോഷ്വാ കോശി, അനസ് യൂണിയന്‍, കണ്ണാട്ടില്‍ ബാപ്പു തുടങ്ങിയവര്‍ ലോക്കോ പൈലറ്റ് എസ് ദിലീപിനെയും അസി. ലോക്കോ പൈലറ്റ് പ്രവീണ്‍ വേണുഗോപാലിനെയും  തുളസിമാലയിട്ട് സ്വീകരിച്ചു.

Nilambur Shoranur railways gets first electric engine train

മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ വൈദ്യുതി എൻജിൻ ട്രെയിൻ ഓടിത്തുടങ്ങി. ബുധനാഴ്ച രാവിലെ 11.30 ന് നിലമ്പൂരിലെത്തിയ കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസാണ് നിലമ്പൂരില്‍ ആദ്യമെത്തിയ വൈദ്യുതി ട്രെയിന്‍. ഇന്നലെ പുലര്‍ച്ചെ എത്തിയ -കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസിന്റേത് ഡീസല്‍ എന്‍ജിനായിരുന്നു.
 
പാതയില്‍ ഏതാനും മാസം മുന്‍പ് വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നു. പരിശീലന ഓട്ടവും മുന്‍പ് നടത്തി പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. പുതിയ റെയില്‍വേ ടൈംടേബിളെത്തുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങിയത്. നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മ്മ സമിതി വൈദ്യുതി വൈദ്യുതി ട്രെയിനിന് സ്വീകരണം നല്‍കി.

നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മ്മ സമിതി പ്രവര്‍ത്തകരായ ജോഷ്വാ കോശി, അനസ് യൂണിയന്‍, കണ്ണാട്ടില്‍ ബാപ്പു തുടങ്ങിയവര്‍ ലോക്കോ പൈലറ്റ് എസ് ദിലീപിനെയും അസി. ലോക്കോ പൈലറ്റ് പ്രവീണ്‍ വേണുഗോപാലിനെയും  തുളസിമാലയിട്ട് സ്വീകരിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയായതോടെ പാതയില്‍ മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) വണ്ടികള്‍ ഓടിക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ശുപാര്‍ശ ചെയ്തു. ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം-ഷൊര്‍ണൂര്‍ മെമു, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനാണ് ശുപാര്‍ശ.

ചെന്നൈയില്‍ നിന്നും ഡല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്നുമുള്ള അനുമതികള്‍ ലഭിച്ചാല്‍ അധികം വൈകാതെ ഈ മാസം തന്നെ സര്‍വീസുകള്‍ തുടങ്ങാമെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതീക്ഷ. ഈ രണ്ടു ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ നിലവില്‍ ഉച്ചക്കും  വൈകുന്നേരവും ആവശ്യത്തിന് വണ്ടികളില്ലെന്ന ആക്ഷേപത്തിന് പരിഹാരമാകും. മറ്റ് നിരവധി ട്രൈനുകള്‍ക്ക് കണക്ഷനും ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios