മകൾ മരിച്ചതെങ്ങനെ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല; ആലപ്പുഴയിൽ വാപ്പയും ഉമ്മയും കാത്തിരിക്കുന്നു
ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരില്‍ എത്തിയത്
അമ്പലപ്പുഴ: മകളുടെ മരണകാരണം അറിയാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ നൊമ്പരം പങ്കുവെച്ച് പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ സൈക്കിൾ പോളോമത്സരത്തിനിടെ മരണപ്പെട്ട നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും ഇതുവരെ ലഭിച്ചില്ലെന്ന് വാപ്പ ശിഹാബുദ്ദീൻ പറയുന്നു. ഡിസംബര്‍ 22 നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ അമ്പലപ്പുഴ വടക്ക് ഏഴര പീടികയില്‍ സുഹറ മന്‍സിലില്‍ ശിഹാബുദ്ദീന്റെ മകള്‍ നിദ ഫാത്തിമ മരിച്ചത്.
ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരില്‍ എത്തുന്നത്. 22ന് രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛർദിയും കാരണമാണ് നിദയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെവെച്ച് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
നാഗ്പുരിലെ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, മൂന്ന് മാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അന്‍സില ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകാതെ ശിഹാബുദ്ദീനും വീട്ടില്‍തന്നെയാണ്. നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട മകൾ മരിക്കാനുള്ള കാരണം അറിയാൻ മനസ്സ് വെമ്പൽകൊള്ളുകയാണെന്നും അതിനായി എവിടെ പോകണമെന്ന് അറിയില്ലെന്നും പറയുന്ന അദ്ദേഹം തങ്ങൾക്ക് നീതി ലഭിക്കാൻ എല്ലാവരുടെയും പിന്തുണയും തേടുന്നുണ്ട്.
കുറിപ്പ് ഇപ്രകാരം
അത്യന്തംവ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത് ഒരുപക്ഷേ പ്രിയപ്പെട്ട മകൾ നഷ്ട്ടപെട്ട ഒരു പിതാവിൻ്റെ വേദന ആകാം വളരെ ഏറെ അഗ്രഹത്തോട്കൂടി കേരളത്തിനുവേണ്ടി സൈക്കിൾ പോളോ കളിക്കുവാൻ നാഗ്പൂരിലെക്ക് പോയ എൻ്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എൻ്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത് ,എൻ്റെ പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽനിന്നും അവളുടെ ഉമ്മി ഇതുവരെ മുക്ത ആയിട്ടില്ല മകളെ കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എൻ്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകുവാൻകൂടി ഭയമാണ് നീതിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല, എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.
ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പ്രുറപ്പെട്ട എൻ്റെ മകൾ മരിക്കുവാൻ ഉണ്ടായ യഥാർത്ഥ കാരണം അറിയുവാൻ എൻ്റെ മനസ് വെമ്പൽ കൊള്ളുകയാണ് എൻ്റെ മകൾ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിൽ ആക്കുന്നു, എൻ്റെ മകളുടെ യഥാർത്ഥ മരണകാരണം അറിയുവാൻ ഞാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാൻ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ ,
ഷിഹാബുദീൻ