കൂടൊരുങ്ങി, ഈ ആനപന്തിയിലൊരുങ്ങിയത് അഞ്ചാമത്തെ കൊട്ടില്‍, പാര്‍പ്പിടം ഒരുങ്ങിയത് ബേലൂര്‍ മഖ്‌നക്ക്
ചാലിഗദ്ദയിലിറങ്ങി കര്‍ഷകനെ കൊലപ്പെടുത്തിയ പന്തല്ലൂര്‍ മഖ്‌നഎന്ന മോഴയാനയെ പാര്‍പ്പിക്കാന്‍ മുത്തങ്ങ ആന പന്തിയില്‍ കൂടൊരുങ്ങി
മാനന്തവാടി: ചാലിഗദ്ദയിലിറങ്ങി കര്‍ഷകനെ കൊലപ്പെടുത്തിയ പന്തല്ലൂര്‍ മഖ്‌നഎന്ന മോഴയാനയെ പാര്‍പ്പിക്കാന്‍ മുത്തങ്ങ ആന പന്തിയില്‍ കൂടൊരുങ്ങി. മയക്കു വെടിവെച്ച് ആനയെ പിടികൂടിയതിന് ശേഷം ഇവിടേക്കാണ് കൊണ്ടുവരിക. 25 അടി തുരശ്ര വിസ്തീര്‍ണത്തിലും 15 അടി ഉയരത്തിലും യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ടാണ് യുദ്ധകാല അടിസ്ഥാനത്തില്‍ ആനക്കൊട്ടില്‍ ഒരുക്കിയിരിക്കുന്നത്.
എട്ടു വര്‍ഷത്തിനിടെ അഞ്ചാമത്തെ കൊട്ടിലാണ് മുത്തങ്ങ ആനപ്പന്തിയില്‍ തയ്യാറാക്കുന്നത്. 2016-ല്‍ കല്ലൂര്‍ കൊമ്പന്‍, ആറളം കൊമ്പന്‍ എന്നീ ആനകള്‍ക്കായും 2019-ല്‍ വടക്കനാട് കൊമ്പന്‍, 2023-ല്‍ സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ ഇറങ്ങി ഒരാളെ ആക്രമിച്ച് ഭീതിവിതച്ച പന്തല്ലൂര്‍ മഖ്‌ന എന്ന മോഴയാന എന്നിവക്കായാണ് കൊട്ടില്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.
ഇതില്‍ കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും ഇപ്പോള്‍ വനംവകുപ്പിന്റെ ലക്ഷണമൊത്ത കുങ്കിയാനകള്‍ ആണ്. മയക്കു വെടിവെച്ച് വരുതിയിലാക്കുന്ന ബേലൂര്‍ മഖ്‌നയെ മുത്തങ്ങയിലെത്തിച്ച് പരിചരിക്കുകയും പിന്നീട്ട് ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കുകയുമായിരിക്കും ലക്ഷ്യം. കല്ലൂര്‍ കൊമ്പന്‍, വടക്കനാട് കൊമ്പന്‍, പന്തല്ലൂര്‍ മഖ്‌ന എന്നീ ആനകളെ പിടികൂടി തളച്ചതിനുശേഷം മാസങ്ങളോളം ഇവക്ക് പരിശീലനം നല്‍കിയിരുന്നു. മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ് ഇറങ്ങിയതിന് ശേഷം കൊട്ടിലിന്റെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
കൂടിന്റെ വലിയ തൂണുകളായിരിക്കും നേരത്തെ സ്ഥാപിക്കുക. നല്ല ഉറപ്പോടെ നില്‍ക്കേണ്ടതിനാല്‍ കുറ്റമറ്റ രീതിയിലായിരിക്കും ഇവ മണ്ണില്‍ കുഴിച്ചിടുക. കാലുകള്‍ സ്ഥാപിച്ചതോടെ ഇന്നലെയും ഇന്നുമായി 65 കഴകള്‍ (കുറുകെ വെക്കുന്ന മരത്തടികള്‍) എത്തിച്ച് കൂടിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. വലിയ യൂക്കാലിപ്റ്റസ് മരങ്ങള്‍ യന്ത്ര സഹായത്തോടെയാണ് തൂണുകള്‍ക്കിടയിലേക്ക് തള്ളിക്കയറ്റുന്നത്.
പിടികൂടുന്ന ആനകളെ കൊട്ടിലിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെ കയറ്റിക്കഴിഞ്ഞാല്‍ ഇത്തരം കഴകള്‍ ഇട്ടാണ് കൂട് ലോക്ക് ചെയ്യുക. തുടര്‍ന്നുള്ള നാളുകള്‍ ആനയെ ഇതിനുള്ളില്‍ ഇട്ട് അനുസരണ പഠിപ്പിക്കും. ചട്ടം പഠിപ്പിക്കുന്നവരെ ആക്രമിക്കാന്‍ കഴിയാത്ത വിധത്തില്‍ ആനക്കുള്ള ഭക്ഷണവും വെള്ളവും നല്‍കും. നിലവില്‍ മുത്തങ്ങ ആനപ്പന്തയില്‍ പന്ത്രണ്ട് ആനകളാണ് ഉള്ളത്. ഇവിടെ നിന്നുള്ള കുങ്കിയാനകളാണ് ബേലുര്‍ മഖ്‌നയെ പിടികൂടുന്ന ദൗത്യത്തില്‍ പങ്കെടുത്തുവരുന്നത്. കൊട്ടിലിന്റെ പണി പൂര്‍ത്തിയായതോടെ നാളെ തന്നെ ആനയെ മയക്കുവെടിവെക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം