ഫേസ്ബുക്കിൽ പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ചു, നഗ്ന ദൃശ്യംകാണിച്ച് പണവും സ്വർണവും തട്ടി, അറസ്റ്റ്
ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: ഹരിയാന സ്വദേശിനി യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. കെ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 600 ഗ്രാം സ്വർണ്ണവും, പണവും ഇവർ തട്ടിയെടുത്തു.
കട്ടപ്പനയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് പാലാ സ്വദേശി മോളേപ്പറമ്പിൽ മാത്യു ജോസ്. ഇയാളുടെ സ്ഥാപത്തിലെ ജീനക്കാരനാണ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. സാമൂഹ്യമാധ്യമം വഴിയാണ് ഹരിയാന സ്വദേശിയായ യുവതിയെ മാത്യു ജോസ് പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കുമളിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് പലതവണ പീഡിപ്പിച്ചു.
കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചാണ് സക്കീർ മോൻ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി പല തവണയായി സ്വർണ്ണവും, പണവും കൈക്കലാക്കി. മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ചതി മനസിലാക്കിയ യുവതി പൊലീസിൽ പരാതി നൽകിയതോടെ ഇരുവരും ഒളിവിൽ പോയി.
പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അന്വേഷണത്തിന് ഒടുവിൽ ദില്ലിയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് കുമളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്യു ജോസ് ഇത്തരത്തിൽ പല സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.