തേടിയെത്തിയത് വധശ്രമക്കേസ് പ്രതിയെ, പരിശോധിച്ച പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്‍റെ എംഡിഎംഎയും കഞ്ചാവും, അറസ്റ്റ്
പൊലീസെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞ് അന്വേഷണ സംഘം പിടികൂടി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 63. 66 ഗ്രാം വാണിജ്യ അളവിലുള്ള എംഡിഎംഎയും, 19.1 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.
തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് കിട്ടിയത് രണ്ടു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന്. ചാലിശ്ശേരി , കുന്നംകുളം പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് 2 പ്രതികളേയും എംഡി എം എ യും കഞ്ചാവും പിടികൂടിയത്. ലിഷോയ്, ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ലിഷോയ്.
ലിഷോയ്ക്കെതിരെ ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുൾപ്പടെ മൂന്ന് കേസുകൾ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ലിഷോയ് ചാലിശ്ശേരി ആലിക്കരയിൽ മുഹമ്മദ് ഷെറിന്‍റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ കുന്നംകുളം പോലീസും ചാലിശ്ശേരി പോലീസും സംയുക്തമായി ഇവർ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.
പൊലീസെത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞ് അന്വേഷണ സംഘം പിടികൂടി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 63. 66 ഗ്രാം വാണിജ്യ അളവിലുള്ള എംഡിഎംഎയും, 19.1 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. പട്ടാമ്പി തഹസിൽദാർ ടി പി കിഷോർ സ്ഥലത്തെത്തി പരിശോധനകൾക്കും തുടർ നടപടികൾക്കും നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇവർക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read More : എടിഎം കാർഡും മൊബൈലും മോഷ്ടിച്ചു, 1.5 ലക്ഷം തട്ടി, പിടിവീഴാതിരിക്കാൻ കോൾ ഡൈവേർട്ടും, എന്നിട്ടും കുടുങ്ങി...