എസ് രാജേന്ദ്രന് മറുപടി; ടൂറിസം രംഗത്തെ നിക്ഷേപങ്ങള്‍ സഹകരണ വകുപ്പിന്‍റെ അനുമതിയോടെയെന്ന് ബാങ്ക് ഭരണ സമിതി
മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.
മൂന്നാര്‍: തൊഴിലാളികളുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് സഹകരണ ബാങ്ക് അനധികൃത ഇടപാട് നടത്തിയെന്ന മുന്‍ എം എല്‍എ എസ് രാജേന്ദ്രന്‍റെ ആരോപണത്തിനെതിരെ മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രംഗത്തെത്തി. അന്താരാഷ്ട്ര ടൂറിസം സാധ്യതയുള്ള മേഖലയില്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ ലാഭകരമാക്കാനും അതിലൂടെ വികസനത്തിന് വഴിതെളിക്കാനും ഉതകുന്ന വിധത്തിലാണ് വാണിജ്യരംഗത്ത് ബാങ്കിലെ നിക്ഷേപങ്ങള്‍ വിനിയോഗിച്ചിട്ടുള്ളതെന്ന് മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി. തൊഴിലാളികളുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്.
മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ട് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഈ റിസോര്‍ട്ട് ബാങ്കിന്‍റെ പേരിലാണ് വാങ്ങിയിട്ടുള്ളത്. ഈ ഇടപാടില്‍ അഴിമതിയുണ്ടെന്നായിരുന്നു മുന്‍ എം.എല്‍.എ കൂടിയായ രാജേന്ദ്രന്‍റെ ആരോപണം. റിസോര്‍ട്ട് വാങ്ങിയത് സഹകരണ വകുപ്പിന്‍റെ അനുമതിയോടെയാണെന്നും 31 കോടി രൂപയ്ക്ക് വാങ്ങുവാന്‍ അനുമതി ലഭിച്ചിട്ടും 29.50 കോടി രൂപയ്ക്കായിരുന്നു റിസോര്‍ട്ട് വാങ്ങിയതെന്നും ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി.
സമാനമായ രീതിയില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള സ്ഥലത്ത് ബാങ്കിന്‍റെ നേതൃത്വത്തില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളതും ടൂറിസം രംഗത്ത് സാധ്യതകള്‍ മുന്നില്‍ കണ്ട് തന്നെയാണ്. ഈ പാര്‍ക്കിന്‍റെ പണി പൂര്‍ത്തീകരിച്ചാല്‍ ഏകദേശം 250 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ബാങ്ക് അവകാശപ്പെട്ടു. 1988 -ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് 75 കോടി രൂപ നിക്ഷേപവും 60 കോടി രൂപ നില്പ് വായ്പയും ഉണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഓഹരി ഉടമകള്‍ക്ക് 25 ശതമാനമാണ് ലാഭവിഹിതം നല്‍കി വരുന്നത്. ഇതില്‍ അസൂയ പൂണ്ട തല്പര കക്ഷികള്‍ ബാങ്കിനെതിരെ കുപ്രചരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്‍ മന്ത്രി എം.എം.മണിയും മുന്‍ സിപിഎം എംഎഎല്‍എയായ എസ്.രാജേന്ദ്രനും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനെ തുടര്‍ന്നായിരുന്നു ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്.രാജേന്ദ്രന്‍ രംഗത്തെത്തിയത്.