രാഹുൽഗാന്ധി എം.പിയുടെ ഫണ്ടില്‍ നിന്നുള്ള 40 ലക്ഷം രൂപ തല്‍ക്കാലം വേണ്ടെന്ന് മുക്കം നഗരസഭ
ഇടതുപക്ഷം ഭരിക്കുന്ന മുക്കം നഗരസഭയുടെ രാഷ്ട്രീയമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
കോഴിക്കോട്: വയനാട് ലോക്സഭ എം.പി രാഹുൽ ഗാന്ധി തന്‍റെ മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. മുക്കം സി.എച്ച്.സി. വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനാൽ എം.പി. ഫണ്ട് തനത് വർഷത്തിൽ ചെലവഴിക്കാൻ പ്രയാസമാണെന്ന് കാണിച്ചാണ് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്റ്റർക്ക് കത്ത് നൽകിയത്.
എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന മുക്കം നഗരസഭയുടെ രാഷ്ട്രീയമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എ ലിന്‍റോ ജോസഫിന്‍റെ നേതൃത്വത്തിൽ ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനിടെയാണ് യാതൊരു പ്ലാനുമില്ലാതെ എം.പി. ചെറിയ ഫണ്ട് അനുവദിച്ചതിലും രാഷ്ട്രീയമുണ്ടെന്നും ആരോപണമുണ്ട്.
രാഹുല്‍ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍, ആഘോഷ ചടങ്ങുകൾ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ഫണ്ട് അനുവദിച്ച് ഒരുമാസത്തിനുശേഷം ചേർന്ന മുക്കം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രാഹുൽഗാന്ധി അനുവദിച്ച തുക കെട്ടിടനിർമാണത്തിന് വേണ്ടെന്നും അത് മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. പിന്നീട് എം.പി. ഫണ്ട് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചപ്പോൾ 2021 ഓഗസ്റ്റ് 27-ന് വീണ്ടും അതേതുകതന്നെ അനുവദിക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോൾ നഗരസഭ റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മികച്ചതാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയസംരക്ഷണസമിതി പ്രവർത്തിച്ചുവരുന്നതിനിടെയിലാണീ ഈ തീരുമാനം, കിഫ്ബിയിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മൂന്നുകോടിയോളം രൂപ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് എം പി ഫണ്ടിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം ആവശ്യമില്ലെന്നും മറ്റ് കാര്യങ്ങൾക്ക് ഈ തുക അനുവദിക്കാമെന്നും അറിയിച്ചതെന്നുമാണ് മുക്കം നഗരസഭ അധികൃതരുടെ വിശദീകരണം.