ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചത് ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വച്ച്; 'ഒഴിവായത് വന്‍ അപകടം'
'എന്‍ജിനില്‍ നിന്നും പുക കണ്ടതോടെ ഡ്രൈവര്‍ വിജിത്ത് വാഹനം നിര്‍ത്തി ചാടിയിറങ്ങി. ഈ സമയം കാബിനില്‍ നിന്നും തീ ആളിക്കത്തി.'
ചാരുംമൂട്: ഓടി കൊണ്ടിരുന്ന ടാറ്റ ഏസ് വാഹനത്തിന് ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വച്ച് തീപിടിച്ചു. താമരക്കുളം നാലുമുക്കില്‍ വച്ച് ഇന്ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയതോടെ രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ ക്യാബിന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
താമരക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിന്റെ ഹബ്ബില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. കൊല്ലം ശൂരനാട്ടുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നും റിപ്പയര്‍ കഴിഞ്ഞ് വാഹനം താമരക്കുളത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്‍ജിനില്‍ നിന്നും പുക കണ്ടതോടെ ഡ്രൈവര്‍ വിജിത്ത് വാഹനം നിര്‍ത്തി ചാടിയിറങ്ങി. ഈ സമയം കാബിനില്‍ നിന്നും തീ ആളിക്കത്തി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരായ അബ്ബാസ്, റഷീദ്, ഷാജി, സുനില്‍ എന്നിവര്‍ ഓടിയെത്തി സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും വെള്ളം കൊണ്ടുവന്ന് തീയണക്കുകയും ട്രാന്‍സ്‌ഫോര്‍മറിന്റെ അടുത്ത് നിന്ന് വാഹനം മാറ്റിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഒഴിവായത് വന്‍ അപകടമാണെന്ന് പൊലീസ് പറഞ്ഞു.
'പറന്നുയർന്ന ബഹ്റൈൻ വിമാനത്തിന്റെ വാതിൽ തുറക്കുമെന്ന് മലയാളി'; പിടികൂടി മുംബെെ പൊലീസ്