ജെസിബിയുമായി വന്ന് വയോധികയുടെ ഒറ്റമുറി വീട് പൊളിക്കാൻ നീക്കം; നാട്ടുകാർ തടഞ്ഞു

നിലവില്‍ ദേശീയപാതക്ക് അവകാശപ്പെട്ട സ്ഥലത്താണ് മാധവിയെന്ന 60കാരി താമസിക്കുന്നത് എന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്.

move to demolish old woman's one-room house by nh authorities stopped by natives

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയോരത്ത് താമസിക്കുന്ന വയോധികയുടെ ഒറ്റമുറി വീട് പൊളിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഇടപെട്ട് തടഞ്ഞു. ചെമ്മണാങ്കുന്നിലാണ് സംഭവം. നിലവില്‍ ദേശീയപാതക്ക് അവകാശപ്പെട്ട സ്ഥലത്താണ് മാധവിയെന്ന 60കാരി താമസിക്കുന്നത് എന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്.

മാധവിയുടെ കൈവശം നേരത്തെ ഉണ്ടായിരുന്നത് 10 സെന്‍റ് സ്ഥലമാണ്. ഇതില്‍ 5.8 സെന്റാണ് ദേശീയപാത സ്ഥലം ഏറ്റെടുക്കലിനു വേണ്ടി 2009ല്‍ അളന്നെടുത്തത്. ഇത് മാധവിയുടെ കൈവശമുള്ള ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 4.2 സെന്റ് സ്ഥലത്തിനു 2013ല്‍ മാധവി കരം അടച്ചതിന്റെ രസീതും കൈവശമുണ്ട്. നിലവിലുള്ള ഒറ്റമുറി വീടിന് മുന്‍വശത്തായിരുന്നു ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന കുറ്റി ഉണ്ടായിരുന്നത്.

മാധവിയുടെ വീടിന്റെ പിന്‍വശത്ത് സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. മാധവിയുടെ പുരയിടം പുറമ്പോക്കാണെന്നും ദേശീയപാതയുടെ സ്ഥലമാണെന്നും കാണിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഈ സ്ഥലം ദേശീയപാതയുടെതാണെന്നും മാധവിയുടെ പേരില്‍ ഭൂമിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് മൂന്നുമാസം മുന്‍പ് ഇവരുടെ വീട് പൊളിച്ചു നീക്കാനുള്ള ദേശീയപാത അധികൃതരുടെ ശ്രമം നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടലില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ശനിയാഴ്ച വീണ്ടും ജെസിബിയുമായി വന്ന് വീടിന്റെ മുന്‍വശത്ത് വലിയ ചാലെടുത്ത ശേഷം പൊളിച്ച് നീക്കാനുള്ള ശ്രമമാണ്  നാട്ടുകാർ തടഞ്ഞത്. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഇടപെട്ടതോടെ പൊളിക്കൽ നിര്‍ത്തിവച്ചു. റീസര്‍വേയില്‍ പിഴവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അതിനായി അപേക്ഷ നല്‍കാനും ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഭൂരേഖ തഹസില്‍ദാര്‍ക്ക് പരാതി നല്‍കാനും ഇവരുടെ സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരം ലഭിക്കുന്നത് വരെ മറ്റു നടപടികള്‍ നിര്‍ത്തിവക്കാനും പഞ്ചായത്ത് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios