ഹെൽമറ്റില്ലാതെ ബൈക്കിൽ രണ്ട് പേർ, പെറ്റി വന്നത് സ്കൂട്ടർ ഉടമയ്ക്ക്; ആളുമാറി നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്
ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് വാഹനം തന്‍റേതല്ലെന്ന് രാജേഷ് തിരിച്ചറിയുന്നത്. സ്കൂട്ടറിന് പകരം ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്ന രണ്ടുപേരുടേതാണ് പിഴ നോട്ടീസിലെ ചിത്രം.
ചാരുംമൂട്: ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ ലഭിച്ചത് സ്കൂട്ടർ ഉടമയ്ക്ക്. ആലപ്പുഴ ചാരും മൂടാണ് മോട്ടോർ വാഹന വകുപ്പ് ആളുമാറി പെറ്റി നോട്ടീസ് അയച്ചത്. കെ എസ് ആർ ടി സി ജീവനക്കാരനായ താമരക്കുളം ചത്തിയറ സ്വദേശി രാജേഷിനാണ് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനുള്ള പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്. രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 31 എൽ 5623 നമ്പരുള്ള ആക്ടിവ സ്ക്കൂട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്.
ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് വാഹനം തന്‍റേതല്ലെന്ന് രാജേഷ് തിരിച്ചറിയുന്നത്. സ്കൂട്ടറിന് പകരം ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്ന രണ്ടുപേരുടേതാണ് പിഴ നോട്ടീസിലെ ചിത്രം. എന്നാൽ ഫോട്ടോയിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. കെഎൽ 31 എൽ എന്നു വരെ വ്യക്തമായി വായിക്കാം. നമ്പർ വ്യക്തമല്ലാത്തതിനാൽ സാമ്യമുള്ള ഒരു നമ്പറിലേക്ക് പിഴ ചുമത്തിയാണ് ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അലസമായ പ്രവൃത്തിയാണ് ആൾ മാറി പിഴ ചെലാൻ വരാൻ ഇടയാക്കിയതെന്നാണ് സംശയം.
നേരത്തെ കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത് ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരനാണ്. പെയിന്‍റിംങ് തൊഴിലാളിയായ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്. മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ 57 വൈ 4428 നമ്പർ ടിവിഎസ് എൻട്രോക്ക് സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്.
മുഹമ്മദ് യാസീൻ ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ആക്റ്റീവ സ്കൂട്ടറിലാണ് രണ്ട് പേർ ഹെൽമറ്റ് ധരിക്കാതെ പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടത്. ആക്റ്റീവ സ്കൂട്ടറിന്റെ നമ്പർ കെഎൽ 57 വൈ 4424 ആയിരുന്നു. വാഹനത്തിന്റെ അവസാന നമ്പർ മാറിയാണ് പിഴ ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർവാഹന വകുപ്പ് ആളുമാറി നൽകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
Read More : വോള്‍വോ ബസിൽ കടത്തിയത് 22 ലക്ഷം, 20 ലക്ഷത്തിന് രേഖകളില്ല; പാറശ്ശാലയിൽ തമിഴ് യുവാവ് പിടിയിൽ