കുഞ്ഞിക്കണ്ണ് തുറന്നിട്ട് മണിക്കൂറുകൾ മാത്രം, അമ്മയാനയെ കാണാനില്ല, പത്തനംതിട്ടയിൽ കുട്ടിക്കൊമ്പൻ അവശനിലയിൽ
പ്രസവിച്ച് അധിക സമയം ആകും മുൻപ് കൂട്ടം തെറ്റി പോയതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ
പത്തനംതിട്ട: കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. പ്രസവിച്ച് അധിക സമയം ആകും മുൻപ് കൂട്ടം തെറ്റി പോയതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തര ചികിത്സയ്ക്കായി കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.
ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശത്താണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ കുട്ടിയാനയെ കണ്ടെത്താന്‍ ആനക്കൂട്ടത്തിന് കഴിയാതെ പോയതാവാം. അങ്ങനെയാണ് ഒറ്റപ്പെട്ട നിലയില്‍ കുട്ടിയാനയെ ഇന്ന് അവശനിലയില്‍ കണ്ടെത്തിയത്. റബ്ബര്‍ വെട്ടാന്‍ പോയ ആളാണ് ആദ്യമായി ആനക്കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.
അമ്മയുടെ പരിചരണം കിട്ടാതെ അവശനിലയിലാണ് കുട്ടിയാന. വെച്ചൂച്ചിറയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സക്കായി വൈകാതെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.