9 ദിവസം, കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത് രണ്ടര ലക്ഷത്തോളം പേർ; വസന്തോത്സവം ഇന്ന് സമാപിക്കും
ക്രിസ്മസ്-പുതുവര്‍ഷ അവധി ദിവസങ്ങളില്‍ തിരുവനന്തപുരം നഗരവാസികളുടെ പ്രധാന ആകര്‍ഷണമായി കനകക്കുന്നിലെ പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും മാറി
തിരുവനന്തപുരം: തലസ്ഥാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് സമാപനം. ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച അപൂര്‍വ്വയിനം പൂക്കളുടെയും വിസ്മയം നിറയ്ക്കുന്ന അലങ്കാരങ്ങളുടെയും കാഴ്ച ആസ്വദിക്കുന്നതിനായി ഇതിനോടകം രണ്ടര ലക്ഷത്തിൽ പരം ആളുകളെത്തിയെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചത്.
ക്രിസ്മസ്-പുതുവര്‍ഷ അവധി ദിവസങ്ങളില്‍ തിരുവനന്തപുരം നഗരവാസികളുടെ പ്രധാന ആകര്‍ഷണമായി കനകക്കുന്നിലെ പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും മാറി. തലസ്ഥാനത്ത് അവധിക്കാലം ചെലവിടാനെത്തിയ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെയും കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി നടന്ന വസന്തോത്സവം ആകര്‍ഷിച്ചു.'ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി' എന്ന ആശയത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. സമാപന ദിവസമായ ഇന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
ഇന്ന് അര്‍ധരാത്രി വരെ പുഷ്പമേളയിലേക്ക് പ്രവേശനമുണ്ടാകും. കേരളത്തിന് പുറത്തുനിന്നെത്തിച്ച പൂക്കള്‍ ഉള്‍പ്പെടെയുള്ള പുഷ്പമേള ആയിരുന്നു വസന്തോത്സവത്തിലെ പ്രധാന ആകര്‍ഷണം. അപൂര്‍വ്വമായ പുഷ്പങ്ങള്‍ അടക്കം നയന മനോഹരമായ രീതിയില്‍ ക്രമീകരിച്ച് കനകക്കുന്ന് കൊട്ടാര വളപ്പിനെ അലങ്കരിക്കുന്ന വിധത്തിലാണ് പുഷ്പമേള ഒരുക്കിയത്.
മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോണ്‍സായിയുടെ അപൂര്‍വ ശേഖരം, കട്ട് ഫ്ളവര്‍ ഡിസ്പ്ലേ, വിവിധ ഇനം ചെടികളുടെ അപൂര്‍വ ശേഖരങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകള്‍ എന്നിവ വസന്തോത്സവത്തിന്‍റെ സവിശേഷതയാണ്. ഫ്ളോറിസ്റ്റുകള്‍ക്കായി മത്സരങ്ങളും നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം