കൊല്ലത്ത് പിടിയിലായ മദ്ധ്യപ്രദേശ് സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് ഒന്നര കിലോഗ്രാമിലധികം കഞ്ചാവ്
മദ്ധ്യപ്രദേശിലെ കനാവർ സ്വദേശിയായ യുവാവാണ് പത്തനാപുരത്ത് പിടിയിലായത്.
കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി മദ്ധ്യപ്രദേശ് സ്വദേശി പിടിയിലായി. പത്തനാപുരത്തു നിന്നാണ് 32കാരനായ ജയ് കരൺ സിംഗിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. മദ്ധ്യപ്രദേശിലെ കനാവർ സ്വദേശിയായ ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു, ആകെ 1.575 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പത്തനാപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി പ്രശാന്തും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു ഡി.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, അരുൺ, സുജിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലതീഷ് എന്നിവരുമുണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്തെ വീട്ടിൽ 19 കിലോ കഞ്ചാവ് സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിൻകീഴ് പൊലീസ് പിടികൂടി. തൈക്കാട് ജഗതിയിൽ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ വീട്. പ്രതികൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഈ വീട്ടിലേക്ക് ധാരാളം പേർ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഞ്ചാവ് കിടപ്പു മുറിയിൽ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഒരു മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം