കാശായിട്ടുള്ളത് കാശായിട്ട്, കുപ്പിയായിട്ടുള്ളത് കുപ്പിയായി! എക്സൈസ് വണ്ടിയുടെ സീറ്റിനടിയിൽ വരെ പണം, അറസ്റ്റ്

പണവും മദ്യക്കുപ്പികളും ക്രിസ്മസിനോടനുബന്ധിച്ച് വിവിധ ബാറുകളിലിൽ നിന്നായി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരങ്ങൾ

More details of the vigilance minnal raid at the Excise Circle Office money under jeep seat

തൃശൂര്‍: തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ നടന്ന വിജിലൻസ് മിന്നൽ റെയ്ഡിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി  സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. കൈക്കൂലിയായി ലഭിച്ച 74,820  രൂപയും 12 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. 

ഇന്നലെ വൈകുന്നേരം നാല് മണിയോടെ തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസിലും പരിസരത്തും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാറിന്‍റെ കൈയിൽ നിന്ന് കണക്കിൽപ്പെടാത്ത 32,820 രൂപയും എക്‌സൈസ് ഓഫീസിന്‍റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന വകുപ്പിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ മുൻ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 42,000 രൂപയും ഈ വാഹനത്തിന്‍റെ പിൻ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ സൂക്ഷിച്ചിരുന്ന 12 കുപ്പി വിദേശമദ്യവും വിജിലൻസ് പിടിച്ചെടുത്തു. 

പണവും മദ്യക്കുപ്പികളും ക്രിസ്മസിനോടനുബന്ധിച്ച് വിവിധ ബാറുകളിലിൽ നിന്നായി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരങ്ങൾ. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. 

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട്  ചെക്ക്പോസ്റ്റുൾപ്പെടെയുള്ള  സ്ഥലങ്ങളിൽ അഴിമതി തടയുന്നതിനായി നിരീക്ഷണം ശക്തമാക്കുന്നതാണെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു. 

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios