വിൽപ്പന ഓട്ടോയിൽ കറങ്ങിനടന്ന്, മാസങ്ങൾ നിരീക്ഷിച്ചു; യുവാവിൽ നിന്ന് പിടികൂടിയത് നിരവധി വിദേശ മദ്യക്കുപ്പികൾ
മാനിവയല്‍, കോട്ടവയല്‍ ഭാഗങ്ങളില്‍ ഓട്ടോയിലെത്തി സ്ഥിരമായി മദ്യവില്‍പ്പന നടത്തിയിരുന്ന യുവാവ് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്ന് എക്സൈസ്.
കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മേപ്പാടി മാനിവയല്‍ ചെമ്പോത്തറ സ്വദേശി നൗഫല്‍ (40) ആണ് അറസ്റ്റിലായത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനക്കിടെ മാനിവയലില്‍ വെച്ചാണ് യുവാവ് പിടിയിലായത്.
കെഎല്‍ 12 ജെ 7724 എന്ന ഓട്ടോറിക്ഷയും 10 ലിറ്റര്‍ വിദേശ മദ്യവും 7250 രൂപയും പിടിച്ചെടുത്തു. പണം യുവാവിന് മദ്യം വിറ്റ വകയില്‍ ലഭിച്ചതാണെന്ന് എക്‌സൈസ് പറഞ്ഞു. മാനിവയല്‍, കോട്ടവയല്‍ ഭാഗങ്ങളില്‍ വാഹനത്തിലെത്തി സ്ഥിരമായി മദ്യവില്‍പ്പന നടത്തിയിരുന്ന യുവാവിനെ മാസങ്ങളായി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതിയെ തുടര്‍ നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസിലേക്ക് കൈമാറി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ പി കൃഷ്ണന്‍കുട്ടി, കെ എം ലത്തീഫ്, എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം