ടവറിന് സ്ഥലം നല്‍കിയ കുടുംബത്തിന് ഊരുവിലക്ക്, കുടിവെള്ളം മുടക്കി, ഇത് കേരളത്തില്‍ തന്നെ! ഒടുവില്‍ സംഭവിച്ചത്

സന്തോഷിന്‍റെ വീട്ടിലേക്കുളള കുടിവെളളം മുടക്കി. പലചരക്ക് സാധനങ്ങൾ നല്‍കരുതെന്ന് കടക്കാരനെ വിലക്കി, തേങ്ങയിടാന്‍ പറമ്പിലേക്ക് വരുന്നവരെപോലും ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി.

mobile tower started operation in kozhikode kakkattukunnu

മൊബൈൽ ഫോണിൽ സിഗ്നൽ കിട്ടാത്തയിടത്തെക്കുറിച്ച് നമുക്ക് സങ്കപ്പിക്കാനാവില്ലെങ്കിലും വീടിനടുത്ത് ടവർ വരുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് മിക്കവരും. ഇതിലൊട്ടും വ്യത്യസ്ഥമായിരുന്നില്ല  കോഴിക്കോട് ഒഞ്ചിയം കക്കാട്ടുകുന്നിലെ സ്ഥിതിയും. എന്നാൽ ഈ എതിർപ്പുകളെ  പരിധിക്ക് അകത്താക്കി ചെറുത്തുതോൽപ്പിച്ച വാർത്തയാണ് ഏറ്റവും പുതിയത്. ഒരുവർഷം നീണ്ട പ്രശ്നങ്ങൾക്കൊടുവിൽ കോടതി അനുമതിയോടെ കക്കാട്ടുകുന്നിൽ മൊബൈൽ ടവറെത്തി. 

കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതോടെ ടവർ പ്രവർത്തനവും തുടങ്ങി. വലിയ ആഘോഷമായാണ് ടവറിന്‍റെ പ്രവർത്തനത്തിന് തുടക്കമിട്ടത്.  ടവറിന് സ്ഥലം നൽകിയതിന് സ്വകാര്യ വ്യക്തിക്കെതിരെ  വൻ പ്രതിഷേധമായിരുന്നു. ഒരുഘട്ടത്തിൽ   പ്രതിഷേധം അതിരുകടന്നപ്പോൾ,  ഇവർക്കെതിരെ  ഊരുവിലക്കും ഏർപ്പെടുത്തി.  ടവർ വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപപ്പെട്ടപ്പോൾ  ടവർ സംരക്ഷണ സമിതി കോടതി കയറി.  

റേഞ്ച് ഔട്ട് കക്കാട്ടുകുന്ന്    

കോഴിക്കോട്ടെ അതിർത്തി ഗ്രാമമായ ഒഞ്ചിയത്തിനടുത്ത കക്കാട്ടുകുന്നിൽ മൊബൈൽ സിഗ്നൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്വകാര്യ കമ്പനി ടവറിന് സ്ഥലമന്വേഷിച്ച് തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കക്കാട്ടുകുന്ന് സ്വദേശി സന്തോഷ് തന്‍റെ അഞ്ചര സെന്റ് സ്ഥലം കമ്പനിക്ക് ടവർ നിർമ്മാണത്തിനായി വാടകയ്ക്ക് നൽകി. ഇതോടെ പ്രശ്നങ്ങളും ആരംഭിച്ചു. വീടുകൾക്ക് സമീപമുളള ടവർ നിർമ്മാണത്തിനെതിരെ ഒരുവിഭാഗം നാട്ടുകാർ സംഘടിച്ചു. എതിർപ്പ് അവഗണിച്ച് നിർമ്മാണത്തിന് തുടക്കമിട്ടതോടെ, പ്രതിഷേധത്തിന്‍റെ സ്വരം കനത്തു.

സന്തോഷിന്‍റെ വീട്ടിലേക്കുളള കുടിവെളളം മുടക്കി. പലചരക്ക് സാധനങ്ങൾ നല്‍കരുതെന്ന് കടക്കാരനെ വിലക്കി, തേങ്ങയിടാന്‍ പറമ്പിലേക്ക് വരുന്നവരെപോലും ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. സന്തോഷിന്‍റെ അച്ഛന്റെ പ്രായമായ സഹോദരി നാരായണിയെയും  ഒറ്റപ്പെടുത്തിത്തുടങ്ങി.  വിലക്കും പ്രതിഷേധങ്ങളും കനത്തപ്പോൾ സന്തോഷും നാരായണിയും ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതിനിടെ  പ്രശ്നപരിഹാരത്തിന്  ഒഞ്ചിയം പഞ്ചായത്ത് ശ്രമങ്ങൾ നടത്തിയെങ്കിലും ഇതെങ്ങുമെത്തിയില്ല. പരാതിയിൽ പുരോഗതിയെന്തെന്ന് വനിതാ കമ്മീഷൻ ചോദിച്ചപ്പോഴും  ഈ കുടുംബത്തെ ചിലർ ഒറ്റപ്പെടുത്തുന്നുണ്ടെന്നായിരുന്നു പഞ്ചായത്തിന്‍റെ മറുപടി.  

ടവറിന് വേണ്ടിയും ആക്ഷൻ കമ്മിറ്റി

മൊബൈൽ ടവർ പൊതു ആവശ്യമെന്ന സ്ഥിതി വന്നതോടെ, ടവർ സംരക്ഷണസമിതിയും ശക്തമായി. ഊരുവിലക്കും ഒറ്റപ്പെടുത്തലുമുൾപ്പെടെ വിവരിച്ച്   ഹൈക്കോടതിയിലേക്കും മനുഷ്യാവകാശ കമ്മീഷനും പരാതികളും പോയി.  ഇതിനിടെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും പ്രവർത്തനം തുടങ്ങുന്നതിനെക്കുറിച്ച് അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഏറ്റവുമൊടുവിൽ ടവറെന്ന ആവശ്യത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടികിട്ടിയതോടെ, കഴിഞ്ഞദിവസം പ്രവർത്തനവും തുടങ്ങി. അങ്ങനെ, കക്കാട്ടുകുന്ന് റേഞ്ചിലായി...

'ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല', തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios