താങ്കൾ പറഞ്ഞ 'പ്രധാന സംഘടന'യാണ് എന്‍റെ വാപ്പയെ കൊന്നത്; സ്പീക്കർ എൻ ഷംസീറിനെതിരെ രക്തസാക്ഷി ഇബ്രഹാമിന്‍റെ മകൻ
'ഈ ആർഎസ്എസ് എന്ന 'വർഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും.'
കണ്ണൂർ: സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം. ആർഎസ്എസിന്‍റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങൾ തരിച്ചിരിക്കുകയാണെന്ന് മേപ്പയൂരിലെ രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകൻ ഷെബിൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നുംആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്. എന്നാൽ പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് 'പ്രധാന സംഘടന' എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണമെന്ന് ഷെബിൻ പറയുന്നു. 'വർഗീയത' എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്. ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്.
പ്രധാന സംഘടന എന്ന ലേബലിൽ ആർഎസ്എസിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്പോൾ,
അവരാൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം. 'പ്രധാന സംഘടന' എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കൾ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്? താങ്കളീ പറഞ്ഞ 'പ്രധാന സംഘടന' രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്നും കൊലപാതകങ്ങൾ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്. ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്-ഷെബിൻ പറയുന്നു
ഈ ആർ എസ് എസ് എന്ന 'വർഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും. വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്. ഇന്ത്യയിൽ ആർ എസ് എസ് എന്നത് 'പ്രധാന വർഗീയ സംഘടനയാണ്'. മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത 'തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന'. അതങ്ങിനെ തന്നെയേ പറയാവൂ- ഷെബിൻ ഫേസ്ബുക്കിൽ കുറിച്ചു.
Read More : 'മോദിയെ ഞാൻ വെറുക്കുന്നില്ല, വിദ്വേഷമില്ല, കാരണം...'; രാഹുൽ ഗാന്ധി അമേരിക്കയിൽ പറഞ്ഞത് ഇങ്ങനെ