ഞെട്ടിക്കുന്ന ക്രൂരത മുക്കത്ത്; മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി, ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് മുക്കത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് മർദനം. മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്.
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
അക്രമത്തിനിരയായ യുവാവിന്റെ വീട്ടിൽ പലർക്കും മാനസിക ബുദ്ധിമുട്ടുകളുണ്ട്. ഈ യുവാവാണ് കൂലിപ്പണിക്കും മറ്റ് ജോലികളും ചെയ്ത് കുടുംബം പോറ്റുന്നത്. അക്രമികളിൽപെട്ട ഒരാളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ഇയാളെ മർദിച്ചതെന്നാണ് വിവരം. ആശുപത്രിക്ക് സമീപമുള്ള ഒഴിഞ്ഞ വീട്ടിലെത്തിച്ചാണ് മർദിച്ചത്.
ഇവർ പണമാവശ്യപ്പെട്ടു എന്നുള്ള വിവരം അക്രമത്തിനിരയായ യുവാവ് പങ്കുവെക്കുന്നുണ്ട്. തന്‍റെ കയ്യിലുള്ള 18000 രൂപ ഇവര്‍ ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. 5 പേര്‍ ചേര്‍ന്നാണ് ഉപദ്രവിച്ചത്. മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്തായ ഒരാളോടാണ് യുവാവ് തനിക്ക് മർദനമേറ്റ കാര്യം വെളിപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകാനാണ് തീരുമാനമെന്ന് മർദ്ദനത്തിനിരയായ യുവാവ് പറഞ്ഞു.