കുപ്പിയുടെ ചിത്രം അയച്ച് കൊടുത്താൽ അക്കൗണ്ടിൽ പണം എത്തും! കുപ്പിക്കുള്ളിൽ...; തന്ത്രം പൊളിച്ച് പൊലീസ്
പൊലീസിന്‍റെ വാഹനം കണ്ട് കാറുമായി കടന്ന് കളയാന്‍ ശ്രമിച്ച അമലിനെ പൊലീസ് തടഞ്ഞുനിർത്തി. തുടർന്നുള്ള പരിശോധനയില്‍ 14.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
കൊച്ചി: സംസ്ഥാനത്തെ സിന്തറ്റിക് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി എംഡിഎംഎയുമായി കൊച്ചിയില്‍ പിടിയിൽ. പനമ്പിള്ളിനഗര്‍ സ്വദേശി അമല്‍ നായരാണ് സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കൊറിയര്‍ മാര്‍ഗം ശേഖരിക്കുന്ന ലഹരിവസ്തുക്കൾ മാലിന്യകൂട്ടത്തിനിടയില്‍ ഉപേക്ഷിച്ചാണ് വിതരണം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നാണ് അമലിനെ പൊലീസ് പിടികൂടിയത്.
പൊലീസിന്‍റെ വാഹനം കണ്ട് കാറുമായി കടന്ന് കളയാന്‍ ശ്രമിച്ച അമലിനെ പൊലീസ് തടഞ്ഞുനിർത്തി. തുടർന്നുള്ള പരിശോധനയില്‍ 14.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കലൂരില്‍ പപ്പടവടയെന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന അമല്‍ ഇന്ന് നഗരത്തിലെ പ്രധാന ലഹരിയിടപാടുകാരനാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവില്‍ നിന്നുള്‍പ്പെടെ കൊറിയര്‍ മാര്‍ഗമാണ് അമലിന് ലഹരിയെത്തുന്നത്. പനമ്പിള്ളി നഗറിലെ കൊറിയര്‍ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ പൊലീസ് ഇവിടെ പരിശോധന നടത്തി.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയും കണ്ടെത്തുന്നു. കുപ്പിയില്‍ ഒളിപ്പിക്കുന്ന ലഹരിവസ്തുക്കള്‍ മാലിന്യ കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ചായിരുന്നു ലഹരി കൈമാറ്റം. ഇടപാടുകാരന് കുപ്പിയുടെ ചിത്രം അയച്ചു നല്‍കിയാല്‍ അക്കൗണ്ടില്‍ പണം എത്തണം. പണം എത്തിയാല്‍ ലഹരിയടങ്ങിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്തിന്‍റെ ലൊക്കേഷന്‍ അയച്ച് നല്‍കും. ഇന്‍റര്‍നെറ്റ് കോളിങ് വഴിയാണ് ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. വിവിധ ആപ്പുകളുടെ സഹായത്തോടെ ശബ്‍ദം മാറ്റിയായിരുന്നു ആശയവിനിമയം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.