സ്വിഫ്റ്റിലും ഇന്നോവയിലും ഒന്നുമറിയാത്ത പാവങ്ങളെ പോലെ എത്തി; എക്സൈസിന് മുന്നിൽ സകല അടവും ചീറ്റി! അറസ്റ്റ്
ഇന്നോവ കാറിൽ 10.14 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ബംബ്രാണ സ്വദേശി മുഹമ്മദ് മുസ്തഫയും എക്സൈസ് പിടിയിലായി.
കാസര്‍കോട്: കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എയും സംഘവും ചേർന്ന് അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. സ്വിഫ്റ്റ് കാറിൽ കൊണ്ടുവന്ന 1.038 കിലോഗ്രാം കഞ്ചാവുമായി ബേള സ്വദേശി ഹനീഫ ബി, എടനാട് സ്വദേശി ടയർ ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഹനീഫ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.
രണ്ടാം പ്രതി ഫൈസൽ, കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നയാളാണ്. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നോവ കാറിൽ 10.14 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ബംബ്രാണ സ്വദേശി മുഹമ്മദ് മുസ്തഫയും എക്സൈസ് പിടിയിലായി.
പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, അഷ്റഫ് സി കെ, സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, സൈബർ സെൽ ഓഫീസർമാരായ പ്രിഷി പി എസ്, നിഖിൽ പവിത്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ എം വി, എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ, വിജയൻ പി എസ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, തിരുവനന്തപുരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള മധ്യവയസ്‌കൻ എക്സൈസ് പിടിയിലായി. വള്ളക്കടവ് സ്വദേശി റോഷി വർഗീസാണ് ഡ്രൈ ഡേയിൽ അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. വലിയതുറ പള്ളിയിൽ അടിപിടി നടത്തിയ കേസിലും അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജ്യാമ്യത്തിലിരിക്കുകയായിരുന്നു ഇയാൾ.